കത്തുകൾ പുറത്തുവന്നതിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയത?
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്തുവന്നതിന് പിന്നിൽ സി.പി.എം ജില്ല ഘടകത്തിലെ കടുത്ത വിഭാഗീയത. ആനാവൂര്‍ നാഗപ്പന് പകരം ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.
മേയറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്. അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്. ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ട് ഒമ്പത് മാസമായി. പകരം ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ ജില്ല കമ്മിറ്റി പലതവണ ചേർന്നിട്ടും സമാവായം ഉണ്ടായില്ല. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി നിൽക്കുന്നതാണ് തര്‍ക്കം തുടരാൻ കാരണം. വിവിധ ഗ്രൂപ്പിന്റെ പ്രതിനിധികളായി ജയൻബാബു, കെ.എസ്. സുനിൽകുമാര്‍, വി. ജോയ്, എം. വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്. ഇടക്ക് ഈ പ്രശ്നത്തിൽ കോടിയേരി ബാലകൃഷ്ണൻ വരെ നേരിട്ടിടപെടുകയും ചെയ്തിരുന്നു. ജില്ല സെക്രട്ടറി ചര്‍ച്ചകൾ ഇടവേളക്കുശേഷം വീണ്ടും സജീവമാകുന്നതിനിടെയാണ് കോര്‍പറേഷനിലെ കത്ത് വിവാദം.
ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്. അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സ്ആപ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്. അനിലിന്റെ സമാനമായ കത്തും മറുവിഭാഗം പുറത്തുവിട്ടു. വിവാദത്തെ ഗൗരവമായി തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.