ആശയക്കുഴപ്പങ്ങൾ തിരിഞ്ഞുകൊത്തുന്നു; തെരഞ്ഞെടുപ്പടുത്തിട്ടും അടിക്കടി അടിതെറ്റി ലീഗ്
text_fieldsമലപ്പുറം: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വക്കിലായിട്ടും നേതൃതലത്തിലെ ഭിന്നത എത്ര മൂടിവെച്ചിട്ടും പുറത്തു ചാടുന്നത് മുസ്‍ലീം ലീഗിനകത്ത് അലോസരമാവുന്നു. സർക്കാറിനോടും സി.പി.എമ്മിനോടുമുള്ള സമീപനത്തിലെ വൈരുധ്യമാണ് ലീഗിനകത്തും യു.ഡി.എഫ് സംവിധാനത്തിലും അടിക്കടി കല്ലുകടിയുണ്ടാക്കുന്നത്. യു.ഡി.എഫും ലീഗും രണ്ട് ബസിൽ സഞ്ചരിക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്.
മാധ്യമങ്ങൾ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ലീഗ് നേതാക്കൾ പറയുമ്പോഴും അവരുടെ പ്രസ്താവനകളുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ അവരെ തിരിഞ്ഞുകൊത്തുകയാണ്. ലീഗിലെ രാഷ്ട്രീയ ചാണക്യൻമാർക്കുപോലും പ്രസ്താവന നടത്തുമ്പോൾ അടി തെറ്റിപ്പോവുന്നതും വിവാദമാവുമ്പോൾ തിരുത്തേണ്ടി വരുന്നതും പതിവായിരിക്കുന്നു. ഏറ്റവുമൊടുവിൽ നവകേരളസദസ്സിനോടുള്ള പ്രതിഷേധ വിഷയത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിന് തിരുത്തിപ്പറയേണ്ടി വന്നു.
യൂത്ത് കോൺഗ്രസുകാർ കണ്ണൂരിൽ അതിക്രൂരമായ ആക്രമണത്തിന് ഇരയായതും അതിന്റെ പ്രതിഷേധവും അറിയാത്തപോലെയായിരുന്നു പ്രതിപക്ഷ ഉപനേതാവായ കുഞ്ഞാലിക്കുട്ടി ആദ്യം പ്രതികരിച്ചത്. പിന്നീട് അദ്ദേഹത്തിന് ഇതിൽ കൂടുതൽ വിശദീകരിക്കേണ്ടി വന്നു. അതി സൂക്ഷ്മതയോടെ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന അദ്ദേഹത്തിന് എന്തുപറ്റി എന്ന് അണികളും രാഷ്ട്രീയ നിരീക്ഷകരും ചിന്തിക്കുന്നത് പതിവായിരിക്കുന്നു.
മുസ്‍ലീം ലീഗ് എൽ.ഡി.എഫിലേക്ക് പോകാൻ തയാറെടുക്കുന്നു എന്ന തോന്നൽ വായുവിൽ ഉണ്ടായത് നേതാക്കളുടെ ഇത്തരം പെരുമാറ്റങ്ങൾ പതിവായതോടെയാണ്. ഇതിന് വളമിടുന്ന രീതിയിൽ സി.പി.എം ഇടക്കിടക്ക് ലീഗിനോട് ഇഷ്ടപ്രകടനങ്ങൾ നടത്തുന്നു. മൃദു സി.പി.എം സമീപനം ഒരു വിഭാഗം നേതാക്കൾക്കുണ്ട് എന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കുപോലും തോന്നിപ്പോയോ എന്ന് ചിന്തിപ്പിക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബത്തേരിയിൽ ലീഗ്-യു.ഡി.എഫ് ബന്ധത്തെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ലീഗിലെ തീവ്രഭാഷികളായ നേതാക്കൾ പ്രയോഗിക്കുന്ന വാക്കുകളാണ് അതിനദ്ദേഹം ഉപയോഗിച്ചത്.
‘ആരെങ്കിലും മുന്നണി മാറ്റത്തിനായി വെള്ളം അടുപ്പത്തു വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്തില്ല...’ എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രയോഗം. ഇത് ലീഗിലെ ‘സി.പി.എം അനുഭാവികളായ നേതാക്കളെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു കഴിഞ്ഞു. അത് ഞങ്ങളെ ആരെയും ഉദ്ദേശിച്ചല്ല തങ്ങൾ പറഞ്ഞത് എന്ന് വ്യക്തമാക്കുന്ന പ്രസ്താവന പിറ്റേന്ന് കുഞ്ഞാലിക്കുട്ടി നടത്തി. പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനക്കപ്പുറം എനിക്കില്ല എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. വിമർശനത്തിന് ലീഗിന്റെ ശൈലി മിതത്വത്തിന്റെതാണെന്നും അദ്ദേഹം സൂചന നൽകി.
ഇതിന് പിറ്റേന്നാണ് നവകേരളസദസ്സിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യം മുഴുവൻ കേൾക്കും മുമ്പെ അദ്ദേഹം ‘എന്ത് പ്രതിഷേധം ഏത് പ്രതിഷേധം’ എന്ന രീതിയിൽ പ്രതികരിച്ചത്. അപ്പോഴേക്കും വിദ്യാർഥികളെ നവകേരളസദസ്സ് നിറയ്ക്കാൻ നിർബന്ധിക്കുന്ന ഉത്തരവിനെതിരെ മലപ്പുറത്ത് എം.എസ്.എഫ് പ്രതിഷേധം തുടങ്ങിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അക്രമത്തിനെതിരെ കോൺഗ്രസ് നേതാക്കളും കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി പ്രതിഷേധം സംബന്ധിച്ച നിലപാട് തിരുത്തി. ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാവുന്ന വിഷയങ്ങൾ വരുമ്പോഴൊക്കെ ലീഗ് മിതത്വം പാലിക്കുന്നു എന്ന തോന്നൽ ഇതിന് മുമ്പും ഉണ്ടായിരുന്നു.
‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു’
‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു’ എന്ന പ്രയോഗം പോലെ ലീഗിനകത്ത് എന്തോ ചീഞ്ഞു നാറുന്നു എന്ന തോന്നലാണ് ആകെ മൊത്തം. ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കൾ ഒരു വശത്തും പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, സൈനുൽ ആബിദീൻ തങ്ങൾ തുടങ്ങിയവർ മറുവശത്തുമായി പാർട്ടിക്കുള്ളിൽ വടം വലിയുണ്ടെന്ന് അണികൾക്കിടയിൽ പോലും ചർച്ച വന്നിരിക്കുന്നു.
അതിന്റെ ഭാഗമാണ് കേരളബാങ്ക് ഡയറക്ടർ പദവി സ്വീകരിച്ചതു സംബന്ധിച്ച് നേതാക്കൾ രണ്ട് തട്ടിലായി പരസ്യപ്രസ്താവന നടത്തിയത്. അണികൾ പൊട്ടിത്തെറിക്കാനൊരുങ്ങിയതും പരസ്യപോസ്റ്റർ യുദ്ധം വരെ ഉണ്ടായതും പക്ഷെ വിവാദം തൽക്കാലം ഒതുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും ഇത്തരം ആശയക്കുഴപ്പങ്ങളിലും വിവാദങ്ങളിലും നിന്ന് ലീഗിന് മോചനമായിട്ടില്ല. സമസ്തയുമായുള്ള തർക്കവും പൂർണമായും അവസാനിച്ചു എന്ന് പറയാനായിട്ടില്ല. സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം സ്ഥിരമായി സി.പി.എം വേദികളിൽ പോയി ലീഗിനെ പരിഹസിക്കുന്നത് തുടരുകയാണ്. സമസ്ത -ലീഗ് ഭിന്നത ഏത് നിമിഷവും ഇനിയും പുറത്തുചാടിയേക്കാം എന്നതാണവസ്ഥ.
പാണക്കാട് സാദിഖലി തങ്ങൾ മുസ്‍ലീം ലീഗ് അധ്യക്ഷ പദവി ഏറ്റെടുത്തതോടെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പാർട്ടി എന്ന് പൊതുവായ വിലയിരുത്തലുണ്ട്. പാണക്കാട് നിന്ന് ശക്തമായ ഭാഷയിൽ രാഷ്ട്രീയ പ്രസ്താവനകളും താക്കീതുകളും വരാൻ തുടങ്ങിയത് മാറ്റമായി വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ കടിഞ്ഞാൺ അധ്യക്ഷന്റെ കൈയിൽ തന്നെയാണ് എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകളാണ് കാണുന്നത്.
മലപ്പുറത്തെങ്കിലും ശൂന്യതയിൽ നിന്ന് നേട്ടമുണ്ടാക്കാൻ നോക്കുകയാണ് സി.പി.എം. അതിന് ലീഗിൽ ആശയക്കുഴപ്പമുണ്ടാക്കി അണികളെ ‘ചടപ്പിക്കുക’ എന്ന തന്ത്രം പയറ്റുന്നുണ്ട്. അതിന് നേതാക്കൾ കൂട്ടു നിൽക്കരുത് എന്നാണ് സാദിഖലി തങ്ങൾ ബത്തേരിയിൽ പറഞ്ഞതിന്റെ പൊരുൾ എന്ന് വിലയിരുത്തുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.