വിഭാഗീയത രൂക്ഷം; വെളിയനാട്ടും സി.പി.എമ്മിൽ കൊഴിഞ്ഞുപോക്ക്
text_fieldsകുട്ടനാട്: കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിൽ പലയിടത്തും പാർട്ടി പ്രവർത്തകർ രാജിവെച്ചുനിൽക്കെ വെളിയനാട്ടും പ്രവർത്തകർ സി.പി.എം വിടുന്നു. പഞ്ചായത്തിലെ 27 പ്രവർത്തകർ പാർട്ടി വിടുന്നതായി ജില്ല നേതൃത്വത്തിനു കത്ത് നൽകി. ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ.ഡി. ഉദയകുമാർ, മുൻ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ എം.കെ. ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലാണിത്.
നേതൃത്വത്തിൽനിന്ന് ഉചിത ഇടപെടൽ ഇല്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന് നേതാക്കൾ പറഞ്ഞു. നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് ഏതാനും മാസം മുമ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.എൻ. വനജ പാർട്ടി വിടുന്നതായി കത്ത് നൽകിയെങ്കിലും ഇതുവരെ നേതൃത്വം മറുപടി നൽകിയിട്ടില്ല.
വെള്ളപ്പൊക്ക ദുരിതാശ്വാസ ഭാഗമായി പമ്പ് സെറ്റ് നൽകിയപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. സി.ഡി.എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയത് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം പാർട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടർ ആരോപിക്കുന്നു.
ലോക്കൽ കമ്മിറ്റി നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടും പാർട്ടി വിടാൻ കാരണമാകുന്നതായി പറയുന്നു.രണ്ടു മാസം മുമ്പ് സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാർട്ടിയിലെ തന്നെ വൈസ് പ്രസിഡന്റ് പഞ്ചായത്ത് ഓഫിസിൽ കുത്തിയിരുന്നു സമരം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.