സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം; ശർമക്കെതിരെ കരുനീക്കവുമായി ഔദ്യോഗിക പക്ഷം
text_fieldsപറവൂർ: സി.പി.എമ്മിൽ വിഭാഗീയത വീണ്ടും തലപൊക്കി. മുൻ മന്ത്രി എസ്. ശർമക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങളാണ് ജില്ല നേതൃത്വത്തിെൻറ ഒത്താശയോടെ നേതാക്കൾ നടത്തുന്നത്. ജില്ലയിൽ പിടിമുറുക്കുന്നതിെൻറ ഭാഗമായി ശർമ കൂടുതൽ സജീവമായതാണ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. പള്ളിയാക്കൽ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എൽ.ഡി.എഫ് പാനലിൽ വിജയിച്ച ശർമയുടെ സഹോദരനായ ജയചന്ദ്രന് പ്രസിഡന്‍റ് സ്ഥാനം നൽകാതെ തഴഞ്ഞത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമായി.
മത്സരിക്കുന്നില്ലെന്ന് അറിയിച്ച് മാറിനിന്ന ജയചന്ദ്രനെ നിർബന്ധിച്ച് മത്സരിപ്പിക്കുകയും വിജയിച്ചശേഷം അവഗണിക്കുകയുമായിരുന്നു. ഇത് പാർട്ടി അണികളിൽ അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ബാങ്കിെൻറ നേതൃത്വത്തിൽ പല പദ്ധതികൾക്കും തുടക്കം കുറിച്ച ജയചന്ദ്രന് പ്രസിഡന്‍റ് സ്ഥാനം നിഷേധിക്കുകയും പുതിയ ഭരണസമിതിയിലേക്ക് ഇത്തവണ തെരഞ്ഞെടുത്ത എ.സി. ഷാനെ പ്രസിഡന്‍റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ജയചന്ദ്രൻ ഭരണസമിതിയംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് നൽകിയതായി അറിയുന്നു.
ഏരിയ കമ്മിറ്റിയിലെ മറ്റൊരു സഹകരണ ബാങ്ക് ഭരണസമിതിയംഗത്തിെൻറ വാശിയും നിർബന്ധബുദ്ധിയുമാണ് ജയചന്ദ്രനെ തഴയാൻ ഇടയാക്കിയതെന്നും പറയുന്നു. എസ്. ശർമയുമായി ശത്രുത പുലർത്തുന്ന ചിലരും പിന്നിൽനിന്ന് ചരടുവലിച്ചു. ഏറ്റവും കൂടുതൽ വോട്ടോടെ വിജയിച്ച ജയചന്ദ്രനെ വെട്ടിയാണ് ഷാനെ പ്രസിഡൻറ് പദവിയിൽ അവരോധിച്ചത്.
ശർമയുടെ നേതൃത്വത്തിൽ ഈയിടെ ചില പരിപാടികൾ സംഘടിപ്പിച്ചതാണ് ജില്ല - ഏരിയ നേതാക്കളെ ചൊടിപ്പിക്കാൻ കാരണം. കേസരി എ. ബാലകൃഷ്ണപിള്ളയുടെ 133ാമത് ജന്മദിനാഘോഷത്തിെൻറ മുഖ്യ സംഘാടകൻ ശർമയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പറവൂരിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസ്മൃതി സംഗമത്തിെൻറ മുഖ്യസംഘാടകനും ശർമയായിരുന്നു.
ഈ പരിപാടികളിലേക്കൊന്നും ജില്ലയിൽ നിന്നുള്ള മന്ത്രിയെയോ മുതിർന്ന സി.പി.എം നേതാക്കളെയോ പങ്കെടുപ്പിക്കാഞ്ഞതാണ് കാരണമായി പറയുന്നത്. പറവൂരിൽ പല പൊതുപരിപാടികളിലും പാർട്ടിയുമായി ബന്ധപ്പെട്ട യോഗങ്ങളിലും കുറച്ചു നാളായി ശർമ സജീവമാണ്. ഇത് വളർന്നുവരുന്ന ചില നേതാക്കൾ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. പാർട്ടിക്കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം ശർമ വിശ്രമിക്കട്ടെ എന്നാണ് അവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.