അവധി, ആഘോഷങ്ങളില്ലാതെ സെക്ടർ ഓഫിസർമാർ
text_fieldsപയ്യന്നൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷുവും പെരുന്നാളും മറ്റ് അവധിദിവസങ്ങളും ആസ്വദിക്കാനാവാതെ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ സെക്ടർ ഓഫിസർമാരാണ് ആഘോഷങ്ങൾക്ക് അവധി നൽകി രാപ്പകൽ ജോലി ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും വാഹനം അനുവദിക്കാത്തതിനാൽ സ്വന്തം വണ്ടിയിലും കത്തുന്ന വെയിൽ കൊണ്ടും കൃത്യനിർവഹണം നടത്തേണ്ട സ്ഥിതിയിലാണ് ജീവനക്കാർ. വാഹനം അനുവദിക്കാത്തത് റവന്യൂ ഉദ്യോഗസ്ഥരിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മേലധികാരികളോട് പരാതിപ്പെട്ടിട്ടും ഇക്കാര്യത്തിന് പരിഹാരമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
ഇതിനു പുറമെ പോളിങ് ബൂത്തുകൾ ഒരുക്കുന്നതിനാവശ്യമായ ചെലവിന്റെ മുൻകൂർ സംഖ്യയും ജില്ലയിൽ വിതരണം ചെയ്തിട്ടില്ല. അയൽ ജില്ലകളിൽ ഫണ്ട് അനുവദിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഇത് ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡനമാവുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വോട്ടർപട്ടിക, പോളിങ് ഉദ്യോഗസ്ഥർക്കുള്ള വിവിധ ഉത്തരവുകൾ, ബി.എൽ.ഒ സ്ലിപ്പുകൾ, കൈപ്പറ്റ് രശീതികൾ, വോട്ടർമാർക്കുള്ള കൈപ്പുസ്തകം, 85 വയസ്സുകഴിഞ്ഞവർക്കും അവശർക്കുമുള്ള ഹോം വോട്ടിങ്ങിനുള്ള 12 ഡി ഫോറം തുടങ്ങി നിരവധി സംഗതികൾ താലൂക്ക് ഓഫിസുകളിൽനിന്നും കൈപ്പറ്റാനും ഇവ സമയബന്ധിതമായി ബന്ധപ്പെട്ടവരുടെ കൈകളിൽ യഥാവിധി എത്തിക്കുന്നതിനും വില്ലേജ് ഓഫിസ് ജീവനക്കാർ കഴിഞ്ഞ ഒരു മാസത്തോളമായി നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.
പല സ്കൂളുകളും വേനലവധിയിൽ ആയതിനാൽ വിദൂരത്തുള്ള അധ്യാപകർക്കുള്ള ഉത്തരവുകൾ അവരുടെ വീടുകളിൽ എത്തിക്കേണ്ട സ്ഥിതിയാണ്. വില്ലേജുകളിലെ ദൈനം ദിനപ്രവൃത്തികൾക്ക് പുറമെയാണ് ഇലക്ഷൻ അർജന്റ് വർക്കുകൾ ചെയ്യേണ്ടിവരുന്നത്.
കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പിന്റെ രണ്ടാഴ്ച മുമ്പെങ്കിലും സെക്ടർ ഓഫിസർമാർക്ക് വാഹനവും അഡ്വാൻസായി പണവും ലഭ്യമാക്കാറുണ്ട്. ഇത്തവണ കടുത്ത വേനലും ഉത്സവാഘോഷങ്ങളും പ്രതികൂലമായി വന്നിട്ടും വാഹനവും ഫണ്ടും അനുവദിച്ചിട്ടില്ല.
രാവിലെ 11 മുതൽ മൂന്നുവരെ വെയിൽ കൊള്ളരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയ സാഹചര്യത്തിലും യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ നാട്ടുച്ച നേരത്തും അവിശ്രാന്തം പണിയെടുക്കേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആർ.ഒ, എ.ആർ.ഒ, ഇ.ആർ.ഒ തലങ്ങളിൽ ഇടക്കിടെ ജില്ല കേന്ദ്രങ്ങളിൽ ഉൾപ്പെടെ നടക്കുന്ന അടിയന്തര യോഗങ്ങൾ, ഇലക്ഷൻ ക്ലാസ്സ്, മെഷീൻ സെറ്റിങ് തുടങ്ങിയവയിലും സെക്ടർ ഓഫിസർ പങ്കെടുക്കേണ്ടതുണ്ട്.
ഇലക്ഷൻ കമീഷന്റെ എല്ലാ പദ്ധതികളും ഫീൽഡ് തലത്തിൽ പ്രാവർത്തികമാക്കുന്നത് സെക്ടർ ഓസ്ഥിസർമാരാണ്. സർവിസ് സംഘടന നേതൃത്വവും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതായി ജീവനക്കാർ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാൽ ശിക്ഷണ നടപടികൾ ഭയന്നാണ് പലരും പ്രത്യക്ഷ പ്രതിഷേധത്തിന് മുതിരാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.