ഉദിനൂരിലെ കുടുംബത്തിന്റെ തിരോധാനം: കേസെടുത്തു; എൻ.ഐ.എക്ക് വിട്ടേക്കും
text_fieldsതൃക്കരിപ്പൂർ (കാസർകോട്): ദുബൈയിൽ ഐ.ടി കമ്പനിയിൽ ഉദ്യോഗസ്ഥനായ ഉദിനൂരിലെ യുവാവും കുടുംബവും യമനിൽ എത്തിയെന്ന വിവരത്തെ തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി. ഉദിനൂർ പരത്തിച്ചാലിലെ മുഹമ്മദ് ശബീർ (42), ഭാര്യ തലശ്ശേരി സ്വദേശിനി റിസ്വാന (32), എട്ടു വയസ്സിൽ താഴെയുള്ള ഇവരുടെ നാല് ആൺകുട്ടികൾ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് കേസെടുത്തു.
ഏതാനും മാസം മുമ്പാണ് കുടുംബം ദുബൈയിലേക്ക് പോയത്. നാലുമാസത്തോളം വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് വാട്സ്ആപ് വഴി മാത്രമായി ആശയവിനിമയം. അവസാനമായി ഇവർ മറ്റൊരു രാജ്യത്താണുള്ളതെന്ന സന്ദേശം വീട്ടുകാർക്ക് ലഭിച്ചതായി പറയുന്നു. ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള യമനിലേക്ക് തീവ്ര ആശയങ്ങളിൽ ആകർഷിക്കപ്പെട്ട് ഇവർ പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരവിരുദ്ധ സ്ക്വാഡും ഐ.ബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസങ്ങളിലായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ അന്വേഷണത്തിനെത്തിയിരുന്നു.
പടന്നയിൽനിന്നുള്ള രണ്ടു യുവാക്കളുടെ തിരോധാനവും അന്വേഷിക്കുന്നുണ്ട്. ഐ.എസിൽ ചേരാൻ നേരത്തേ സിറിയയിൽ പോയതായി പറയുന്ന ഒരാളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഇരുവരും അഫ്ഗാനിലെ നാംഗർഹാറിൽ ഉള്ളതായാണ് നിഗമനം. ഒരാൾ സൗദിയിൽനിന്നും മറ്റൊരാൾ ഒമാനിൽനിന്നുമാണ് അഫ്ഗാനിലേക്ക് പോയതെന്നും എൻ.ഐ.എ കണ്ടെത്തി. ഇവർ പടന്ന സ്വദേശികളാണെന്ന സംശയത്തിൽ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ബന്ധപ്പെട്ട കുടുംബങ്ങളെ കണ്ടെത്താനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. 2016ൽ ഐ.എസിൽ ചേർന്ന സാജിദുമായി ഇവർ സന്ദേശം കൈമാറിയതാണ് കേസിന്റെ ഉത്ഭവം. സാജിദുമായി സന്ദേശം കൈമാറിയത് കണ്ടെത്തിയതിനെ തുടർന്ന് 10 പേരെ ദുബൈ ഭരണകൂടം നാടുകടത്തിയിരുന്നു. ഇതിൽ പടന്ന സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദിൽനിന്നുള്ള എൻ.ഐ.എ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ലോക്കൽ പൊലീസും വിവരം ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പടന്നയിലും ഉദിനൂരിലുമെത്തി കുടുംബങ്ങളിൽനിന്ന് വിവരം ശേഖരിച്ചിട്ടുണ്ട്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.