യാത്രക്കിടയിൽ പൊലീസ് സേവനം തേടാൻ വാഹനങ്ങളിൽ 'സുരക്ഷ ബട്ടൺ'
text_fieldsസുരക്ഷിത യാത്ര ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'സുരക്ഷാമിത്ര' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. 'നിർഭയ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനൊപ്പം സുരക്ഷ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകും.
യാത്രക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പൊലീസ് സേവനം തേടാൻ സുരക്ഷ ബട്ടൺ അമർത്തിയാൽ മതി. വാഹനത്തിന്റെ വലിപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതൽ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. അപായ സൂചന നൽകാൻ ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടൺ ഘടിപ്പിക്കുന്നുണ്ട്. സ്‌കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, ആംബുലൻസ്, ട്രക്കുകൾ, ടാക്‌സി വാഹനങ്ങൾ തുടങ്ങിയവയിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതിനാൽ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങൾ തുടർച്ചയായി അമിത വേഗത്തിലോടിയാൽ ഇക്കാര്യം വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ അറിയിക്കാനും കഴിയും. പ്രതിമാസം 150ഓളം വാഹനങ്ങൾക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സന്ദേശം ലഭിക്കുന്ന വാഹനങ്ങൾ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.