കണ്ണൂരിൽ റിസോർട്ടിനു തീയിട്ടശേഷം സുരക്ഷ ജീവനക്കാരൻ ജീവനൊടുക്കി; വളർത്തുനായകൾ പൊള്ളലേറ്റു ചത്തു
text_fieldsകണ്ണൂർ: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ടശേഷം സുരക്ഷ ജീവനക്കാരൻ ജീവനൊടുക്കി. ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
പാലക്കാട് സ്വദേശി പ്രേമൻ (67) ആണ് മരിച്ചത്. തീയിട്ടതിനു പിന്നാലെ റിസോര്‍ട്ടിൽനിന്ന് ഇറങ്ങിയോടി സമീപത്തെ പറമ്പിലെ കിണറിൽ തൂങ്ങി മരിക്കുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീ അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി.
ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഹാളിൽ പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. സംഭവ സമയത്ത് ഉത്തരേന്ത്യക്കാരായ നാലു അതിഥികളാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് പ്രേമൻ ഉടമയോടുള്ള ദേഷ്യത്തിൽ ബഹളം തുടങ്ങിയത്. ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികൾ അഗ്നിശമന സേനയിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോൾ പ്രേമൻ ഹാളിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ഹാളിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തു നായകളെയും മുറിയിൽ അടച്ചിട്ട് തീയിടുകയായിരുന്നു.
പൊള്ളലേറ്റ പ്രേമൻ പുറത്തേക്ക് ഓടുന്നത് ഈ ജീവനക്കാരൻ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുമ്പാണ് പ്രേമൻ റിസോർട്ടിൽ എത്തിയത്. ജീവനക്കാരന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.