‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ.. എല്ലാ മറുപടിയും അന്ന് തരാം..'; മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ
text_fieldsതിരുവനന്തപുരം: നവകേരള യാത്രയിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനം തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കിൽ കമന്റിട്ടത്.
‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നാണ് ഗോപീ കൃഷ്ണൻ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതികരിച്ചത്.
നവകേരള യാത്രക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വാഹനം തടയുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ അടിച്ചോടിക്കുന്നതും വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യമായ പോർ വിളി നടത്തുന്നത്. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റ്.
നവകേരള യാത്രക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കരിങ്കൊടി പ്രതിഷേധത്തെ പൊലീസും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഭരണപക്ഷ സംഘടനകളും ചേർന്ന് കായികമായാണ് നേരിടുന്നത്.
ആലപ്പുഴ കൈതവനയില്‍ വാഹനം തടയാന്‍ ശ്രമിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ലാത്തിയുമായി നേരിടുന്ന സാഹചര്യവും ഉണ്ടായി. പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഭരണപക്ഷ സംഘടനകളും ഒരു ഭാഗത്തും പ്രതിപക്ഷ യുവജന സംഘടനകൾ മറുവശത്തും അണിനിരക്കുന്നത് കടുത്ത ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രശ്നം കത്തിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം, ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണോ ഇവര്‍ ജനങ്ങളുടെ മേല്‍ കുതിര കയറുന്നതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.