സെക്യൂരിറ്റി ജീവനക്കാരും ഇനി ആരോഗ്യപ്രവർത്തകർ
text_fieldsതിരുവനന്തപുരം: ആശുപത്രികളിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാരെയും ആരോഗ്യപ്രവർത്തകരിൽ ഉൾക്കൊള്ളിച്ച് ആശുപത്രി സംരക്ഷണം നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ആലോചന. ആരോഗ്യസ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളിൽ ആദ്യം ഇടപടേണ്ടി വരുന്ന വിഭാഗമാണ് സുരക്ഷാ ജീവനക്കാർ. സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുണ്ടാകുമെങ്കിലും ഡോക്ടർമാർക്കും നഴ്സുമാർക്കും ലഭിക്കുന്ന നിയമപരിരക്ഷയും നിയമ ഗൗരവവും ഇത്തരം കേസുകളിൽ ഉണ്ടാകാറില്ല.
ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ കള്ളിയിൽ സെക്യൂരിറ്റി ജീവനക്കാരെയും ഉൾക്കൊള്ളിച്ച് ‘2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും’ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ആലോചിക്കുന്നത്.ആരോഗ്യസ്ഥാപനങ്ങളിലെ ഡ്രൈവർമാർ, ശുചീകരണവിഭാഗം ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും പരിഗണിക്കാൻ സാധ്യതയില്ല. കുറ്റം ചെയ്യുന്നയാളിനുള്ള ശിക്ഷ നിയമഭേദഗതിയിൽ വർധിപ്പിക്കും.
നിലവിലെ നിയമത്തിൽ മൂന്നുവർഷം വരെ തടവും പരമാവധി 50000 രൂപവരെയുള്ള പിഴയുമാണ് ശിക്ഷയായി നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വർഷത്തിൽ കുറയാത്ത തടവും 50000 രൂപയിൽ കുറയാത്ത പിഴയുമായി ശിക്ഷ ഭേദഗതി ചെയ്തേക്കുമെന്നാണ് വിവരം.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നതിന്റെ പരിധിയിൽ ആശുപത്രികളിൽ ഡ്യൂട്ടി തടസ്സപ്പെടുത്തുംവിധമുള്ള ശാരീരികാതിക്രമങ്ങൾ എന്നതിനൊപ്പം അസഭ്യപ്രയോഗങ്ങൾ, വാക്കാലുള്ള ആക്രോശങ്ങൾ എന്നിവയും സമൂഹമാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങളും ഉൾപ്പെടുത്തണമെന്ന ആവശ്യം ഡോക്ടർമാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആശുപത്രിക്ക് പുറത്തുവെച്ചുണ്ടാകുന്ന ആക്രമണങ്ങളും ഈ പരിഗണനയിൽ ഉൾപ്പെടുത്തണം.
വസ്തുവകകളുടെ നശീകരണമെന്നതിൽ നിലവിൽ ആശുപത്രികളുടെ സ്ഥാവര-ജംഗമ വസ്തുക്കളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യപ്രവർത്തകരുടെ വാഹനങ്ങൾ, മൊബൈൽ ഫോൺ, കണ്ണട എന്നിവയെല്ലാം ഉൾപ്പെടുത്തണം.കുറ്റവാളി എന്നതിന്റെ നിർവചനത്തിൽ അതിക്രമകാരി എന്നതിനൊപ്പം ആരോഗ്യപ്രവർത്തകരുടെ ഡ്യൂട്ടി നിർവഹണത്തിന് വിഘാതമാകുംവിധം ഇടപെടലുകളും ഒപ്പം ഡോക്ടർമാരുടെ നിർദേശങ്ങൾ ബോധപൂർവം അനുസരിക്കാത്തതും ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരാവശ്യം. മെഡിക്കൽ ഉപകരണങ്ങളുടെ നാശനഷ്ടങ്ങളിൽ വിപണിവിലയുടെ ഇരട്ടി ഈടാക്കുക, ഒരു മണിക്കൂറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം, 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഭേദഗതിയായി ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.