മോദിക്ക് സുരക്ഷ ഭീഷണി: ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ രണ്ട് എൽ.ഡി.എഫ് ഘടക കക്ഷികളുടെ പേരും- കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ ഭീഷണിയുമായിമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഭരണകക്ഷിയിൽ മന്ത്രിപദവി കയ്യാളുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'നിലവില്‍ മന്ത്രിസ്ഥാനം അലങ്കരിക്കുന്ന ഭരണകക്ഷിയിലുള്ള ഒരു പാര്‍ട്ടിയെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന് ഭീഷണിയായിട്ടുള്ള തീവ്രവാദി ശക്തികളുടെ പേരില്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് എങ്ങനെ വന്നു. നിലവിൽ രാഷ്ട്രീയ പാർട്ടികളായി പ്രവർത്തിക്കുന്ന ചില മത സംഘടനകളുടെ പേരും പൊലീസ് പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.
അത്തരം സംഘടനകളിൽ രണ്ടെണ്ണമെങ്കിലും ഇടതുമുന്നണിയുടെ ഘടകകക്ഷികളാണ്. ഇവരെ മുന്നണിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകുമോ? എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരം ആളുകളെ മന്ത്രിസഭയിൽ വെച്ച് അരിയിട്ട് വാഴിക്കുന്നത്? മുഖ്യമന്ത്രിയും സി.പി.എമ്മും ഇതിന് ഉത്തരം പറയേണ്ടതോടൊപ്പം ആ മന്ത്രിയും പാർട്ടിയും മറുപടി പറയണം.
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന അതീവ ഗുരുതരമായ ഇന്റലിജൻസ് റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തിയതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റാരുടെയെങ്കിലും ബുദ്ധിയാണോ.
കത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട് '- സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാൻ നിശ്ചയിച്ചിട്ടുള്ള ഒരു പരിപാടിയും തടസ്സപ്പെടില്ലെന്നും മോദിയുടെ സുരക്ഷ എസ്.പി.ജി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.