കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കും;പൊലീസ് അടക്കമുള്ള ഏജൻസികളുടെ യോഗം വിളിച്ച് ചേർത്ത് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം മന്ത്രി വിളിച്ച് ചേർത്തു. കലോത്സവത്തിന്റെ വിജകരമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുക്ക് കൃത്യവും സുരക്ഷിതവുമായ വാഹനനിയന്ത്രണം ഉണ്ടാവും.25 വേദികളിലായും, 25 അക്കോമഡേഷൻ സെന്ററുകളിലായും ആയിരക്കണക്കിന് കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നത്. ആയതിനാൽ അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഓരോ വേദിയിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക്പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും. ഉദ്ഘാടന ദിവസം ഏതാണ്ട് 250 ഓളം ബസുകൾ നഗരത്തിൽ എത്താൻ സാധ്യതയുണ്ട്. നൂറു കണക്കിന് മറ്റ് വാഹനങ്ങളും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ആയത് മുന്നിൽകണ്ട് പാർക്കിംഗ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും.
ഏതാണ്ട് 1300 ഓളം വോളണ്ടിയർമാർ ഓരോ ദിവസവും സേവനത്തിനായി എത്തും. പോലീസ്, മെഡിക്കൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. മത്സരാർഥികളെയും വോളണ്ടിയർമാരെയും മറ്റും കൊണ്ടുവരുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള ബസുകളുടെ ഡ്രൈവർമാർക്കും പരിശീലനം നൽകും.
മത്സരം വീക്ഷിക്കുന്നതിനായി എത്തിയിട്ടുള്ള കുട്ടികൾ അലഞ്ഞു തിരിഞ്ഞ് കൂട്ടംതെറ്റി മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ബീച്ച് പോലുള്ള സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും. 2025 ജനുവരി ഒന്നിന് നാലിന് പാളയം മുതൽ എസ്.എം.വി. സ്കൂൾ വരെ വിളംബര ജാഥ നടക്കുമ്പോഴും 2025 ജനുവരി മൂന്നിനുള്ള സ്വർണകപ്പ് ഘോഷയാത്രക്കുള്ള പൊലീസ് സംരക്ഷണവും ഏർപ്പെടുത്തും. മത്സര വേദികളിൽ ഹസാർഡ് അനലിസ്റ്റിന്റെ പരിശോധന നടത്തുകയും ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യും.മയക്കുമരുന്നിന് എതിരായ നടപടികൾ കൂടുതൽ ശക്തമാക്കും.
ഡ്രൈവർമാർക്കുവേണ്ടിയും, എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., ജെ.ആർ.സി., എസ്. ആൻഡ് ജി എന്നിവയിൽ നിന്നുള്ള വോളണ്ടിയർമാർക്കു വേണ്ടിയും 2025 ജനുവരി മൂന്നിന് ട്രെയിനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണപ്പുര സ്ഥാപിച്ചിട്ടുള്ള പുത്തരിക്കണ്ടം മൈതാനിയിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ മുന്നിറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും പ്രൈവറ്റ് ബസ് ഡ്രൈവർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകും.എല്ലാ വേദികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ഒരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ, ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് ബി.വി. വിജയ് ഭാരത് റെഡി, കലക്ടർ അനുകുമാരി, പൊതു വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.