സ്കൂൾ കുട്ടികളുടെ വിവരം തേടൽ: ഉന്നതതല യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ കേന്ദ്രസർക്കാർ തേടിയ സാഹചര്യത്തിൽ വിഷയത്തിൽ ജാഗ്രതയോടെ പ്രതികരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ പ്ലസ് (യുഡൈസ് പ്ലസ് -UDISE+) പോർട്ടൽ വഴിയാണ് മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ആധാർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ജാതി, മതം, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്ക വിഭാഗം, ജനറൽ, എസ്.സി, എസ്.ടി ഉൾപ്പെടെ 56ഇനം വിവരങ്ങൾ തേടിയത്.
സംസ്ഥാനത്ത് വിദ്യാർഥികളുടെ വിവരശേഖരണം സമ്പൂർണ വഴി നടത്തുമ്പോൾ 20 ഇനങ്ങളിലെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിൽ ലഭിക്കുന്ന വിവരങ്ങളിൽനിന്ന് യുഡൈസ് കഴിഞ്ഞ വർഷം വരെ ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം വരെ ആവശ്യപ്പെടാത്ത 45 ഇനം വിവരങ്ങളാണ് ഇത്തവണ അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ സമഗ്ര ശിക്ഷ കേരളത്തിന് (എസ്.എസ്.കെ) നൽകിയ നിർദേശത്തിലാണ് അധിക വിവരം തേടിയത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ രക്ഷാകർത്താക്കളുടെ പേരും മൊബൈൽ നമ്പറും പകരം നമ്പറും ഇ-മെയിൽ വിലാസവും ഉൾപ്പെടെ തേടിയതിലാണ് സംശയം. വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാതെ യുഡൈസ് പോർട്ടലിൽ കയറി കേന്ദ്രം ആവശ്യപ്പെട്ട 45 ഇനം വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യാൻ സ്കൂളുകൾക്ക് നിർദേശം നൽകാൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഹയർസെക്കൻഡറി ആർ.ഡി.ഡിമാർക്കും വി.എച്ച്.എസ്.ഇ എ.ഡിമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ഡേറ്റ ശേഖരണത്തിലെ ‘കുരുക്ക്’ മനസ്സിലായതോടെയാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചത്. ആധാർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ധാരണ. ഇതുസംബന്ധിച്ച് ബുധനാഴ്ചയിലെ യോഗത്തിൽ തീരുമാനമെടുത്തേക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും അതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കാനും എന്നപേരിലാണ് കേന്ദ്രസർക്കാർ യുഡൈസ് പ്ലസ് പോർട്ടൽ വഴി സംസ്ഥാനങ്ങളിൽ നിന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളുടെ വിവരം ശേഖരിക്കുന്നത്.
കേരളത്തിൽ നിലവിൽ പ്രീ പ്രൈമറി വിദ്യാർഥികളുടെ വിവര ശേഖരണം നടത്തുന്നില്ല. മാത്രവുമല്ല, ഇപ്പോൾ ആവശ്യപ്പെട്ടത് 2022 -23 അധ്യയന വർഷത്തിലുണ്ടായിരുന്ന വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ഒട്ടേറെ വിദ്യാർഥികൾ സ്കൂൾ പഠനം പൂർത്തിയാക്കി പോയതിനാൽ അവരുടെ വിവരശേഖരണവും ബുദ്ധിമുട്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.