സീതി സാഹിബിനെ തോൽപിച്ച കോൺഗ്രസിന് സി.എച്ചിന്റെ മധുരപ്രതികാരം
text_fields1957ൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് പ്രഥമ കേരള നിയമസഭ തെരഞ്ഞെടുപ്പും നടന്നത്. ആ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുമായി (പി.എസ്.പി) മാത്രമാണ് നാമമാത്രസഖ്യം ഉണ്ടായിരുന്നത്. കോൺഗ്രസുമായി ധാരണക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഭരണം പിടിച്ചു. ലീഗ് എട്ട് സീറ്റ് നേടി. അതോടൊപ്പം നടന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ച ലീഗ് മഞ്ചേരിയിൽ മാത്രമാണ് ജയിച്ചത്. കോഴിക്കോട്ട് മത്സരിച്ച കെ.എം. സീതി സാഹിബ് പരാജയപ്പെട്ടു. സീതിസാഹിബിനെ 13,942 വോട്ടിന് തോൽപിച്ചത് കോൺഗ്രസിലെ കെ.പി. കുട്ടികൃഷ്ണൻ നായർ.
1962ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് ഒറ്റക്കാണ് മത്സരിച്ചത്. ലീഗിനെ ഒറ്റപ്പെടുത്താനുള്ള മറ്റു പാർട്ടികളുടെ ശ്രമങ്ങളെ നേരിടേണ്ടതുണ്ടായിരുന്നതിനാൽ സി.എച്ച്. മുഹമ്മദ് കോയ നിയമസഭ സ്പീക്കർ പദവി ഒഴിഞ്ഞാണ് കോഴിക്കോട് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചത്.
സിറ്റിങ് എം.പിയും കോൺഗ്രസ് നേതാവുമായ കെ.പി. കുട്ടികൃഷ്ണൻ നായരായിരുന്നു പ്രധാന എതിരാളി. എച്ച്. മഞ്ജുനാഥ് (കമ്യൂണിസ്റ്റ് പാർട്ടി), ടി.എൻ. ഭരതൻ (ജനസംഘം) എന്നിവരും മത്സരരംഗത്ത് ഉണ്ടായിരുന്നു. വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. സി.എച്ച്. 104277 വോട്ടും എച്ച്. മഞ്ജുനാഥറാവു 103514 വോട്ടും നേടിയപ്പോൾ കെ.പി. കുട്ടികൃഷ്ണൻ നായർക്ക് 89,322 വോട്ടുകൾകൊണ്ട് തൃപ്തിപെടേണ്ടിവന്നു. 763 വോട്ടുകൾക്കാണ് സി.എച്ച്. ജയിച്ചത്. രാഷ്ട്രീയ ഗുരുവായ സീതി സാഹിബിന്റെ തോൽവിക്കുള്ള പകരംവീട്ടലായിരുന്നു സി.എച്ചിന് ഈ ജയം.
1962ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് മഞ്ചേരിയിൽനിന്ന് മത്സരിക്കുമ്പോൾ പ്രാക്കുളം മുഹമ്മദ് കുഞ്ഞ് (കമ്യൂണിസ്റ്റ് പാർട്ടി), പി.വി. ഷൗക്കത്തലി (കോൺഗ്രസ്) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. പി.വി. അൻവർ എം.എൽ.എയുടെ പിതാവാണ് പി.വി. ഷൗക്കത്തലി. പ്രമുഖ കോൺഗ്രസ് നേതാവും എടവണ്ണ ഒതായി സ്വദേശിയുമായ ഷൗക്കത്തലി, ഇസ്മായിൽ സാഹിബിനോട് മത്സരിച്ച് മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു എന്നത് മാത്രമല്ല, അതുവരെ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ലീഗിന്, കോഴിക്കോട്ടെ സി.എച്ചിന്റെ വിജയത്തിലൂടെ രണ്ട് സീറ്റ് കിട്ടിയതും ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.