കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ കുടുംബത്തിന് ജപ്തിനോട്ടീസ്
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന് വായ്പതിരിച്ചടവ് മുടക്കിയതിന് ജപ്തി നോട്ടീസ്. നടപടി മരവിപ്പിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. പ്രസാദിന്റെ ഭാര്യ ഓമന എടുത്ത സ്വയംതൊഴിൽ വായ്പയുടെ തിരിച്ചടവിൽ 17,600 രൂപ കുടിശ്ശിക വന്നതോടെയാണ് പട്ടികജാതി-വർഗ വികസന കോർപറേഷൻ വീടും സ്ഥലവും ജപ്തി ചെയ്യാൻ നോട്ടീസ് അയച്ചത്.
സംഭവം വിവാദമായതോടെ എസ്.സി-എസ്.ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ കോർപറേഷന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചതിൽ കോർപറേഷൻ എം.ഡിയോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി.
പട്ടികജാതി-വർഗ കോർപറേഷനിൽനിന്ന് 2022 ആഗസ്റ്റ് 27നാണ് പ്രസാദിന്റെ ഭാര്യ ഓമന 60,000 രൂപ വായ്പയെടുത്തത്. ഇതിൽ 22,000 രൂപ തിരിച്ചടച്ചു. 36 തവണയായാണ് തിരിച്ചടക്കേണ്ടത്. കുടിശ്ശികത്തുക അഞ്ച് ദിവസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി നടപടിയെടുക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത്.
സിബിൽ സ്കോർ പ്രശ്നത്തിൽ ബാങ്ക് വായ്പ നിഷേധിച്ചതിൽ മനംനൊന്ത് തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽ കെ.ജി. പ്രസാദ് (55) കഴിഞ്ഞ നവംബർ 11നാണ് ജീവനൊടുക്കിയത്. ഭാരതീയ കിസാൻ സംഘ് ജില്ല പ്രസിഡന്റായിരുന്നു പ്രസാദ്. ഓമനയും മക്കളായ അദീനയും അദിനിഖും ഉൾപ്പെട്ട കുടുംബം ബന്ധുക്കളുടെ സഹായത്തിലാണ് ഇപ്പോൾ കഴിയുന്നത്. മന്ത്രി പി. പ്രസാദ് അടക്കമുള്ളവർ വീട് സന്ദർശിച്ച് സർക്കാർ സഹായം വാഗ്ദാനം നൽകി മടങ്ങിയിരുന്നു. ഇതിനുപിന്നാലെയെത്തിയ ജപ്തി നോട്ടീസ് വിവാദമായതോടെയാണ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.