അൻവറിെൻറ മിച്ചഭൂമി പിടിച്ചെടുക്കൽ: നടപടി തുടങ്ങി
text_fieldsതിരുവമ്പാടി: പി.വി. അൻവർ എം.എൽ.എയുടെ മിച്ചഭൂമി പിടിച്ചെടുക്കാൻ ലാൻഡ് ബോർഡ് പ്രാഥമിക നടപടികൾ തുടങ്ങി. മിച്ചഭൂമി സ്വമേധയാ സർക്കാറിന് നൽകാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് താലൂക്ക് ലാൻഡ് ബോർഡ് ഭൂമി കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്.
പി.വി. അൻവറിന് 6.24 ഏക്കർ ഭൂമിയാണ് മിച്ചഭൂമിയായി ലാൻഡ് ബോർഡ് കണ്ടെത്തിയത്. ഇതിൽ 90.30 സെന്റ് താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിലിലാണ്. കക്കാടംപൊയിലിലെ മിച്ചഭൂമി പിടിച്ചെടുക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നടപടി തുടങ്ങിയിരിക്കുന്നത്.
താമരശ്ശേരി താലൂക്ക് ഭൂരേഖവിഭാഗം തഹസിൽദാർ കെ. ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ സജീ പാപു, ശിവദാസൻ, കൂടരഞ്ഞി വില്ലേജ് ഓഫിസർ പത്മനാഭൻ എന്നിവർ കക്കാടംപൊയിലിലെത്തി സ്ഥലപരിശോധന നടത്തി.
ഭൂമി പിടിച്ചെടുക്കുന്ന ആദ്യഘട്ട പരിശോധനയാണ് നടന്നതെന്നും നടപടികൾ തുടരുമെന്നും കൂടരഞ്ഞി വില്ലേജ് ഓഫിസർ പത്മനാഭൻ മാധ്യമത്തോട് പറഞ്ഞു. കക്കാടംപൊയിൽ കൂടാതെ മലപ്പുറം ഏറനാട് താലൂക്കിലെ പെരകമണ്ണ വില്ലേജിൽ 10.25 സെന്റ്, തൃക്കലങ്ങോട് വില്ലേജിലെ വിവിധയിടങ്ങളിലായി 1.40 ഏക്കർ, 62.26 സെന്റ്, 20.18 സെന്റ്, 1.725 സെന്റ്, 57.29 സെന്റ്, 10.82 സെന്റ്, പാലക്കാട് ആലത്തൂർ താലൂക്കിലെ കുഴൽമന്ദം വില്ലേജിലെ രണ്ട് സ്ഥലങ്ങളിലായി 61.29 സെന്റ് എന്നിങ്ങനെയാണ് പി.വി. അൻവറിന്റെ മിച്ചഭൂമിയായി കണ്ടെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.