മലപ്പുറം ജില്ലയിൽനിന്ന് സ്വർണം പിടികൂടി എന്ന് പറയുമ്പോൾ എന്തിനാണ് പൊള്ളുന്നത്? -മുഖ്യമന്ത്രി
text_fieldsചേലക്കര: മലപ്പുറം ജില്ലയിൽനിന്ന് സ്വർണം പിടികൂടിയെന്നതിനെ ജില്ലക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്നും സമുദായത്തിന്‍റെ പെടലിക്ക് വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ എതിർത്ത കോൺഗ്രസിനൊപ്പമാണ് മുസ്‌ലിം ലീഗ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പറഞ്ഞത്:
പിടികൂടിയതിൽ 124 കിലോ സ്വർണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. ഇതെന്താ മലപ്പുറം ജില്ലക്കെതിരായ നീക്കമാണോ? മലപ്പുറം ജില്ലയിൽ ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അവിടെ കാണേണ്ട വസ്തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. ആ വിമാനത്താവളം കുറേ ജില്ലയിലെ ആൾക്കാർ ആശ്രയിക്കുന്ന വിമാനത്താവളമാണ്. ആ കണക്ക് സ്വാഭാവികമായും ആ ജില്ലയിൽനിന്ന് പിടികൂടിയാൽ ആ ജില്ലയിൽനിന്ന് പിടികൂടി എന്നാണ് വരിക. അതിനെന്തിനാണ് വല്ലാതെ പൊള്ളുന്നത്?
മലപ്പുറം ജില്ലയിൽ സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറത്തിനെതിരെയുള്ളതാണ് എന്നാണ് തെറ്റായ പ്രചരണം. മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത് സംഘ്പരിവാറായിരുന്നു. അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു. അന്നത്തെ മലബാറിന്‍റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ.എം.എസ് നേതൃത്വം കൊടുത്ത സർക്കാർ 1967ൽ മലപ്പുറം ജില്ല രൂപീകരിക്കാൻ നടപടിയെടുക്കുന്നത്. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ സംഘ്പരിവാർ പൂർണമായി അതിനെ എതിർത്തു. കോൺഗ്രസും എതിർത്തു. കൊച്ചു പാകിസ്താൻ എന്ന് വിളിച്ചത് ആരായിരുന്നു? മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടതിനെ വലിയ തോതിൽ ജനസംഘത്തോടൊപ്പം നിന്ന് എതിർത്ത കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്ക് പിന്നീട് കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ മുസ്‌ലിം ലീഗ് പോയി.
മലപ്പുറം ജില്ലയിൽ ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലും ഉണ്ടാകുന്നത് പോലെയാണത്. ഏതെങ്കിലും ഒരു സമുദായത്തിന്‍റെ കുറ്റകൃത്യമല്ല അത്. അത് സമുദായത്തിന്‍റെ പെടലിക്ക് വെക്കേണ്ടതായിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.