നിപ ഭീതിക്കിടെ കിനാലൂർ ഉഷ സ്കൂൾ ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ; നാട്ടുകാർ തടഞ്ഞു
text_fieldsബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് നടത്താനിരുന്ന സെലക്ഷൻ ട്രയൽ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. നിപ നിയന്ത്രണങ്ങൾ നിലവിലിരിക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കായിക താരങ്ങളും അവരുടെ ബന്ധുക്കളുമാണ് ഇന്ന് രാവിലെ എട്ടോടെ കിനാലൂർ ഉഷാ സ്കൂൾ പരിസരത്ത് സെലക്ഷൻ ട്രയലിനെത്തിയത്. ഇതറിഞ്ഞ നാട്ടുകാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയും പ്രസിഡന്റും വാർഡ് മെംബറുമടക്കമുള്ളവർ സ്ഥലത്തെത്തി സെലക്ഷൻ ട്രയൽ നിർത്തിവെക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തി.
ജില്ല അത്‍ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ ട്രയൽ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ തങ്കച്ചൻ, ജില്ലാ സെക്രട്ടറി കെ.എം ജോസഫ് എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, വാർഡ് അംഗം ഷാജി കെ. പണിക്കർ, ബാലുശ്ശേരി പൊലീസ് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് സെലക്ഷൻ ട്രയൽ നിർത്തിവെക്കാനും മറ്റൊരു ദിവസം നടത്താനും തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന-ദേശീയ കായികമേളകൾ അടുത്തിരിക്കെ അതിൽ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ മികവ് കണ്ടെത്താൻ കൂടിയാണ് സെലക്ഷൻ ട്രയൽ നടത്തുന്നതെന്നും പരിശീലനത്തിന് സമയം കുറവായതിനാലാണ് പ്രോട്ടോകോൾ പാലിച്ച് സെലക്ഷൻ ട്രയൽ ഇന്ന് തന്നെ നടത്താൻ തീരുമാനിച്ചതെന്നും അസാസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.