സ്വാശ്രയ ഡെന്റൽ വിദ്യാർഥികളുടെ സ്റ്റൈപൻഡ് അട്ടിമറിക്കുന്നു
text_fieldsകൊച്ചി: സ്വാശ്രയ ഡെന്റൽ വിദ്യാർഥികളുടെ ഇന്റേൺഷിപ് സ്റ്റൈപൻഡ് അട്ടിമറിക്കുന്നുവെന്ന പരാതിയുമായി വിദ്യാർഥികൾ. സർക്കാർ കോളജുകളിൽ 26,000 രൂപ സ്റ്റൈപന്‍ഡ് അനുവദിക്കുമ്പോൾ അതേ സാഹചര്യത്തിൽ സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന ഹൗസ് സർജൻമാർക്ക് പ്രതിമാസം 1000 മുതൽ 4500 രൂപ വരെയാണ് സ്റ്റൈപന്‍ഡ് നൽകുന്നതെന്ന് ഡെന്റൽ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഡെന്റൽ മേഖലയിലുള്ള 25 കോളജിൽ 19 എണ്ണവും സ്വാശ്രയമേഖലയിലാണ്. സർക്കാർ കോളജിൽ നൽകുന്ന സ്റ്റൈപൻഡ് തന്നെ സ്വാശ്രയ കോളജുകളിലും നൽകണമെന്നാണ് ഡി.സി.ഐയും കേരള ആരോഗ്യസർവകലാശാലയും നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇത് നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നിരവധി തവണ പരാതി പറഞ്ഞിട്ടും മാനേജ്മെന്റുകൾ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.
സർക്കാർ കോളജിലെ പി.ജി ആൻഡ് യു.ജി ഇന്റേൺസിന് നൽകുന്ന സ്റ്റൈപന്‍ഡിന് തുല്യമായിത്തന്നെ ആരോഗ്യ സർവകലാശാലക്ക് കീഴിലെ സ്വകാര്യ കോളജുകളിലും നൽകണമെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 2021ഒക്ടോബർ നാലിന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും ഉത്തരവ് അട്ടിമറിക്കുന്ന നിലപാടാണ് സ്വകാര്യ ഡെന്റൽ കോളജ് മാനേജ്മെന്റുകൾ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ആറ് മണിക്കൂർ വരെ ജോലി ചെയ്തിട്ടും അർഹമായ സ്റ്റൈപന്‍ഡ് നിഷേധിക്കുന്നതിനെതിരെ വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
വാർത്തസമ്മേളനത്തിൽ ഡി.എസ്.എ ഭാരവാഹികളായ എലിസബത്ത് എം.ജെ, ശ്രാവൺ വിദ്യാർഥി പ്രതിനിധികളായ ഫസീഹ്, മുഹമ്മദ് റാഹിസ്, ശ്രീഹരി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.