ഓണ്‍ലൈന്‍ അപേക്ഷാരീതി: സ്വാശ്രയ കോളജുകള്‍ക്ക് കുരുക്കായി
text_fieldsതിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കാനിടയായ ക്രമക്കേട് പുറത്തുവരാന്‍ കാരണമായത് ഓണ്‍ലൈന്‍ അപേക്ഷാരീതി. സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥിപ്രവേശത്തിലെ ക്രമക്കേട് ഇത്തരത്തില്‍ കൈയോടെ പിടികൂടുന്നത് ആദ്യമാണ്. ഹൈകോടതി നിര്‍ദേശപ്രകാരം ജസ്റ്റിസ് ജയിംസ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് കള്ളക്കളികള്‍ പുറത്തായത്.
ഹൈകോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കോളജുകള്‍ക്ക് തല്‍സ്ഥിതി തുടരാന്‍ താല്‍ക്കാലിക അനുമതി ലഭിച്ചെങ്കിലും പ്രവേശനത്തിലെ ക്രമക്കേട് പുറത്തുവന്നത് തിരിച്ചടിയാണ്. ഇതര സ്വാശ്രയ മെഡിക്കല്‍ കോളജുകളെല്ലാം 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ അലോട്ട്മെന്‍റ് സ്വീകരിച്ച് കരാര്‍ ഒപ്പിട്ടപ്പോള്‍ ഈ രണ്ടുകോളജുകള്‍ വര്‍ഷങ്ങളായി സ്വന്തം നിലക്കാണ് പ്രവേശനം നടത്തിവരുന്നത്. സര്‍ക്കാറിന്‍െറ സമ്മര്‍ദശ്രമങ്ങളും മെറിറ്റ് ഉറപ്പാക്കാനുള്ള ജയിംസ് കമ്മിറ്റിയുടെ ഉത്തരവുകളും കോടതിവിധികളിലൂടെ അതിജീവിച്ചാണ് പ്രവേശനം പൂര്‍ത്തിയാക്കിയതും. പ്രവേശനത്തിന് ഓണ്‍ലൈന്‍ രീതി കൊണ്ടുവന്ന ജയിംസ് കമ്മിറ്റി തീരുമാനമാണ് രണ്ട് കോളജുകള്‍ക്കും കുരുക്കായി മാറിയതും. ഇതുസംബന്ധിച്ച ഉത്തരവുകള്‍ ഒന്നൊന്നായി ലംഘിച്ചപ്പോഴും ജയിംസ് കമ്മിറ്റി വിടാതെ പിന്തുടരുകയായിരുന്നു.
വെബ്സൈറ്റില്‍ അപേക്ഷാസൗകര്യം ഒരുക്കാനുള്ള ഉത്തരവാണ് ആദ്യം അട്ടിമറിച്ചത്. ഇതേതുടര്‍ന്ന് പ്രവേശനനടപടികള്‍ കമ്മിറ്റി റദ്ദാക്കുകയും വീണ്ടും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കണ്ണൂര്‍ കോളജ് സ്വന്തം വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയില്ല. മറ്റൊരു സ്വകാര്യസൈറ്റില്‍ ഇതിന് സൗകര്യമുണ്ടെന്ന് അറിയിച്ചെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ളെന്ന് കണ്ടത്തെി.
കണ്ണൂര്‍ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 100 സീറ്റിലെയും പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദ് ചെയ്യുകയും മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും കോളജില്‍ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കി സ്പോട്ട് അഡ്മിഷന്‍ നടത്താനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍, ഇതിനായി കണ്ണൂര്‍കോളജ് രേഖകള്‍ ഒന്നും ഹാജരാക്കിയില്ല. കരുണ കോളജ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയ 100ല്‍ 30 പേരെ പുറത്താക്കി പകരം 30 പേര്‍ക്ക് കമീഷണര്‍ പ്രവേശനം നല്‍കി.
കോളജുകളുടെ നിസ്സഹകരണം ഉള്‍പ്പെടെയുള്ളവ കോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന് കോളജുകള്‍ക്ക് കോടതി ലക്ഷം രൂപ വീതം പിഴയിടുകയും അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തി പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പരിശോധനക്കായി ജയിംസ് കമ്മിറ്റി രേഖകള്‍ വിളിപ്പിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തുവരുന്നത്. കണ്ണൂര്‍ കോളജ് ഹാജരാക്കിയ അപേക്ഷകളൊന്നും ഓണ്‍ലൈന്‍ രീതിയില്‍ സ്വീകരിച്ചവയല്ളെന്നും മുഴുവന്‍ നിര്‍ദേശങ്ങളും മെറിറ്റും അട്ടിമറിച്ചാണ് പ്രവേശനമെന്നും കണ്ടത്തെി. കരുണ കോളജ് നടത്തിയ 31 വിദ്യാര്‍ഥികളുടെ പ്രവേശനം അസാധുവാക്കുകയും മെറിറ്റ് പ്രകാരമുള്ള 100 പേരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
സംവരണാടിസ്ഥാനത്തില്‍ കരുണ കോളജ് നടത്തിയ പ്രവേശനത്തിന് ആവശ്യമായ രേഖകള്‍ പോലും ഹാജരാക്കാനായില്ല. വര്‍ഷങ്ങളായി സ്വന്തം നിലക്ക് തോന്നുംപടി പ്രവേശനം നടത്തിയ രണ്ട് കോളജുകള്‍ക്കാണ് ഇതോടെ പിടിവീണത്. ഇതുസംബന്ധിച്ച കേസ് ഡിസംബര്‍ ഏഴിന് സുപ്രീംകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.