മെഡിക്കൽ ഫീസ് വർധന: സർക്കാർ സ്വാശ്രയ കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡന്‍റൽ കോഴ്സുകളിലെ ഫീസ് വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സംസ്ഥാന സർക്കാർ സ്വാശ്രയ മാനേജ്മെന്‍റുമായി ചേർന്ന് കൊള്ള നടത്തുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബലറാം ആരോപിച്ചു. സർക്കാറിന്‍റെ അഭിപ്രായമാണ് ഫീ റെഗുലേറ്ററി കമീഷൻ തീരുമാനമായി നടപ്പാക്കുന്നതെന്നും ബലറാം പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകൾക്ക് കുട ചൂടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഡന്‍റൽ, പി.ജി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലെ ഫീസിൽ വലിയ വർധന വന്നിട്ടുണ്ട്. ക്ലിനിക്കൽ പി.ജിയിൽ മാത്രം 115 ശതമാനം ഫീസ് വർധനവുണ്ട്. നോൺ ക്ലിനിക്കൽ പി.ജി ഫീസ് മൂന്നിരട്ടിയും വർധിപ്പിച്ചു. വിഷയത്തിൽ സർക്കാർ ഇടപെട്ട് സാധാരണക്കാരായ വിദ്യാർഥികൾക്ക് കൂടി പഠിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബലറാം ആവശ്യപ്പെട്ടു.
ഫീ റെഗുലേറ്ററി കമീഷന്‍റെ ഫീസ് ഘടനയിൽ സംസ്ഥാന സർക്കാറിന് ഇടപെടാൻ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. ഫീ റെഗുലേറ്ററി കമീഷനാണ് ഫീസിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. കമീഷന്‍റെ ഉത്തരവ് എല്ലാ മാനേജ്മെന്‍റുകളും നടപ്പാക്കിയിട്ടില്ല. എന്നാൽ, ക്രിസ്ത്യൻ മാനേജ്മെന്‍റുകൾ ഇത് അംഗീകരിച്ചിട്ടുണ്ട്. കമീഷന്‍റെ ഫീസ്ഘടന അംഗീകരിക്കുകയേ നിർവാഹമുള്ളൂവെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
നീറ്റിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിന്‍റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയിൽ നിന്ന് ഇളവ് നേടാൻ സർക്കാർ നടപടി സ്വീകരിക്കണം. ഡന്‍റൽ ഒഴിച്ചുള്ള സീറ്റുകളുടെ കാര്യത്തിൽ വർധിച്ച ഫീസ് ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പുനൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇനി ഫീസ് വർധന വേണ്ടി വരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ ഫീസ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷത്ത് നിന്ന് ഒരാളും പങ്കെടുത്തില്ലെന്ന് മന്ത്രി ശൈലജ കുറ്റപ്പെടുത്തി. എന്നാൽ, മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം തന്നെ സർവകക്ഷിയോഗം വിളിച്ചാൽ എങ്ങനെ പങ്കെടുക്കുമെന്ന് ചെന്നിത്തല തിരിച്ചു ചോദിച്ചു.
ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.