ഫീസ് ഇളവ് പട്ടിക പ്രസിദ്ധീകരിച്ചില്ല; സ്വാശ്രയ മെഡി. കോളജുകളിൽ അമിത ഫീസ്
text_fieldsതിരുവനന്തപുരം: ഫീസ് ഇളവിന് അർഹതയുള്ള വിദ്യാർഥികളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കാത്തതുമൂലം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കുറഞ്ഞ ഫീസിൽ പ്രവേശനം നേടിയവർക്കും ഉയർന്ന ഫീസ്. കഴിഞ്ഞവർഷം സർക്കാറുമായി മെഡിക്കൽ പ്രവേശനത്തിന് കരാർ ഒപ്പിട്ട 16 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്കാണ് തുടർച്ചയായ രണ്ടാം വർഷവും ഉയർന്ന ഫീസ് അടക്കേണ്ടിവന്നത്.
കഴിഞ്ഞവർഷം സർക്കാറിന് നൽകിയ പകുതി സീറ്റുകളിൽ 20 എണ്ണത്തിലേക്ക് 25000 രൂപക്കും 30 എണ്ണത്തിലേക്ക് 2.5 ലക്ഷം രൂപക്കുമായിരുന്നു പ്രവേശനം നടത്താൻ കരാർ. ഇതിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്കായിരുന്നു 25000 രൂപക്ക് പ്രവേശനം. 50 സീറ്റിലേക്കും 2.5 ലക്ഷം രൂപ വാങ്ങിയാണ് സ്വാശ്രയ മെഡിക്കൽ കോളജുകൾ പ്രവേശനം നൽകിയത്. 20 സീറ്റുകളിൽ ഫീസിളവിന് അർഹതയുള്ള കുട്ടികളുടെ പട്ടിക പിന്നീട് സർക്കാർ പ്രസിദ്ധീകരിക്കണം.
പട്ടിക വരുന്ന മുറക്ക് അധികം വാങ്ങിയ തുക സ്വാശ്രയ കോളജുകൾ വിദ്യാർഥികൾക്ക് തിരികെ നൽകണം. ഇൗ വിദ്യാർഥികൾ ഒന്നാം വർഷ കോഴ്സ് കഴിഞ്ഞ് രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുേമ്പാഴും പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഫീസിളവിന് അർഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് ഇതിനകം ആരോഗ്യവകുപ്പിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിറങ്ങുന്ന മുറക്ക് മാത്രമേ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കാനാകൂ എന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് പറയുന്നത്. അഞ്ചുവർഷത്തെ പഠനത്തിന് 25000 രൂപ നിരക്കിൽ 1.25 ലക്ഷം രൂപ അടക്കേണ്ട വിദ്യാർഥികൾ ഇതിനകം രണ്ടുവർഷത്തെ ഫീസായി അഞ്ചുലക്ഷം രൂപ അടച്ചുകഴിഞ്ഞു. സർക്കാർ മുൻകൈയെടുത്ത് സ്വാശ്രയ കോളജുകളുമായി ഉണ്ടാക്കിയ കരാറിെൻറ ഗുണഫലം വിദ്യാർഥികൾക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം വർഷ കോഴ്സ് പൂർത്തിയാകുന്ന മുറക്കുതന്നെ ഫീസിളവിന് അർഹതയുള്ള കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതായിരുന്നു പതിവ്. അധികമായി വാങ്ങിയ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകുകയും ചെയ്യും. ഇൗ വർഷം വിദ്യാർഥികളെ രണ്ടാം വർഷത്തിലേക്ക് പ്രവേശിപ്പിക്കാൻ പല കോളജുകളും രണ്ടരലക്ഷം രൂപ വാങ്ങിക്കഴിഞ്ഞു. ഇൗ തുക നൽകിയില്ലെങ്കിൽ പ്രവേശനം നൽകില്ലെന്ന കോളജുകളുടെ ഭീഷണിയെത്തുടർന്നാണ് പല വിദ്യാർഥികളും ഉയർന്ന ഫീസ് നൽകാൻ നിർബന്ധിതരായത്.
കഴിഞ്ഞവർഷം സർക്കാറുമായി കരാറൊപ്പിട്ട 16 കോളജുകളിൽ 350ഒാളം വിദ്യാർഥികൾക്ക് 25000 രൂപക്ക് പഠിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് സർക്കാർ നടപടി കാരണം തടയപ്പെടുന്നത്. എന്നാൽ, ഇതുസംബന്ധിച്ച നിർദേശം പ്രവേശന പരീക്ഷ കമീഷണറേറ്റിൽനിന്ന് ലഭിച്ചതായും ഫയൽ പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.