സ്വാശ്രയ മെഡിക്കൽ: ക്ഷണിച്ചുവരുത്തിയ വിധി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് 11 ലക്ഷം രൂപ ഫീസ് ഇൗടാക്കാൻ അനുമതി നൽകുന്ന സുപ്രീംകോടതി വിധി സർക്കാർ ക്ഷണിച്ചുവരുത്തിയത്. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വില കൊടുക്കേണ്ടിവരുന്നതാകെട്ട മെഡിക്കൽ പ്രവേശനം ആഗ്രഹിച്ച പാവപ്പെട്ട വിദ്യാർഥികളും. വിറ്റുപൊറുക്കിയും കടം വാങ്ങിയും വായ്പയെടുത്തും അഞ്ചുലക്ഷം രൂപ ഒപ്പിച്ച് പ്രവേശനം നേടാൻ വന്ന ദിവസം തന്നെയാണ് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും മേൽ ഇടിത്തീയായി സുപ്രീംകോടതി വിധി വരുന്നത്. വിധിയെ എങ്ങനെ നേരിടണമെന്നുപോലും സർക്കാറിന് നിശ്ചയമില്ല.
നീറ്റ് പരീക്ഷയുടെ വരവോടെ പ്രവേശനത്തിൽ മെറിറ്റ് ഉറപ്പായെങ്കിൽ സുപ്രീംകോടതി വിധിയോടെ പണമുണ്ടെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കൂ എന്ന അവസ്ഥയായി. ഫലത്തിൽ മെറിറ്റിൽ പിന്നിൽ ആയാലും പണമുണ്ടെങ്കിൽ മെഡിക്കൽ പ്രവേശനം ഉറപ്പാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായത്. മെറിറ്റിൽ മുന്നിലുള്ള വിദ്യാർഥികൾ ഉയർന്ന ഫീസിന് മുന്നിൽ നിറകണ്ണുകളോടെ മെഡിക്കൽ പഠനമോഹം ഉപേക്ഷിച്ചുപോകുന്ന കാഴ്ചക്കുകൂടിയാണ് തിങ്കളാഴ്ച പ്രവേശന നടപടികൾ നടന്ന തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പരിസരം സാക്ഷിയായത്.
ഫീസ് നിർണയത്തിൽ തുടക്കം മുതലുണ്ടായ വീഴ്ചതന്നെയാണ് ഏറ്റവും ഒടുവിലത്തെ സുപ്രീംകോടതി വിധിയിലേക്ക് നയിച്ചതും. വിവരങ്ങൾ സമയബന്ധിതമായി കോടതിയെ ബോധിപ്പിക്കുന്നതിൽപോലും സർക്കാറിന് വീഴ്ചപറ്റി.
മുഴുവൻ സീറ്റിലേക്കും ഇത്തവണ സർക്കാർ അലോട്ട്മെൻറ് നടത്തണമെന്ന് കഴിഞ്ഞ മാർച്ചിൽതന്നെ മെഡിക്കൽ കൗൺസിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സർക്കാർ നടപടികൾ തുടങ്ങുന്നത് മേയ് അവസാനവാരത്തിലാണ്. ചർച്ച നടത്തി സ്വാശ്രയ മാനേജ്മെൻറുകളുമായി കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. ഫീസ് നിർണയം ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ തലയിൽവെച്ചുകൊടുത്ത് ഒരുഘട്ടത്തിൽ സർക്കാർ കാഴ്ചക്കാരായി. ഫീസ് നിർണയത്തിനായി പ്രത്യേക സമിതിയെ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസ് പുറപ്പെടുവിച്ചശേഷം നേരത്തേ നിലവിലുള്ള പ്രവേശന മേൽനോട്ട സമിതിയെ കൊണ്ട് ഫീസ് നിശ്ചയിപ്പിക്കുന്ന വിചിത്രമായ നടപടിയുമുണ്ടായി. സർക്കാറിെൻറ ഇൗ വീഴ്ച ചോദ്യം ചെയ്താണ് ആദ്യം മാനേജ്മെൻറുകൾ കോടതിയെ സമീപിക്കുന്നത്. ഒാർഡിനൻസ് പുതുക്കുകയും അതുപ്രകാരം പത്തംഗസമിതിയെ കൊണ്ട് വീണ്ടും ഫീസ് നിർണയം നടത്തുകയും ചെയ്താണ് സർക്കാർ തടിയൂരിയത്. സർക്കാറിനെ രൂക്ഷമായി വിമർശിച്ച ഹൈകോടതി നടപടി അംഗീകരിച്ചുനൽകി. ഇതിനെതിരെയാണ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. തുടക്കം മുതൽ ഏകീകൃത ഫീസ് എന്ന നിലപാടിൽനിന്ന സർക്കാർ മൂന്ന് കോളജുകളുമായി കഴിഞ്ഞവർഷത്തെ നാലുതരം ഫീസിൽ കരാർ ഒപ്പിടുകയും ചെയ്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ട് കോളജുകൾ 11 ലക്ഷം വാർഷിക ഫീസിന് വിധിയും വാങ്ങി. സർക്കാർ രണ്ട് കോളജുകളുമായി 11 ലക്ഷം രൂപക്ക് കരാർ ഒപ്പിെട്ടന്ന് ബോധിപ്പിച്ചായിരുന്നു ഇവർ സുപ്രീംകോടതിയിൽനിന്ന് വിധി വാങ്ങിയത്.
നാലുതരം ഫീസ് ഘടനയിൽ കരാർ ഒപ്പിട്ട എം.ഇ.എസ്, കാരക്കോണം കോളജുകളിലെ 35 ശതമാനം സീറ്റുകളിലെ 11 ലക്ഷം ഫീസാണ് മറ്റ് രണ്ട് കോളജുകൾ കോടതിയിൽ ഉയർത്തിക്കാണിച്ചതും വിധി വാങ്ങിയതും. ഇത് പ്രതിരോധിക്കാൻ സർക്കാറിന് കഴിഞ്ഞതുമില്ല. കേസ് തീർപ്പുകൽപിക്കാൻ വീണ്ടും ഹൈകോടതിയിൽ എത്തിയപ്പോൾ ഫീസ് അഞ്ചുലക്ഷം രൂപ നൽകാനും ബാക്കി ആറ് ലക്ഷത്തിന് ബോണ്ട് നൽകാനും കോടതി നിർദേശിച്ചു.
ബോണ്ട് വ്യവസ്ഥ സ്വീകാര്യമല്ലെന്ന് കണ്ടതോടെയാണ് സ്വാശ്രയ മാനേജ്മെൻറുകൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതും അനുകൂലവിധി വാങ്ങിയതും. പുതിയ വിധിയോടെ പ്രവേശനസമയത്തുതന്നെ 11 ലക്ഷം ഫീസ് നിർബന്ധമായി. അഞ്ചുലക്ഷം രൂപ ഡി.ഡിയായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരണ്ടിയായോ നൽകാനാണ് തിങ്കളാഴ്ചയിലെ സുപ്രീംകോടതി വിധി. ബാങ്ക് ഗ്യാരണ്ടി ലഭിക്കാൻ തുല്യമായ തുക സ്ഥിരനിക്ഷേപമായോ തുല്യമൂല്യമുള്ള ആസ്തി ഇൗടായോ നൽകണം. ഇത് നൽകാനില്ലാത്തവർക്ക് പ്രവേശനം വേണ്ടെന്നുവെക്കുകയല്ലാതെ പോംവഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.