സ്വാശ്രയ മെഡിക്കൽ: കഴിഞ്ഞ വർഷത്തെ ഫീസ്; പ്രേവശനത്തിന് തയാറായി നാല് കോളജുകൾ കൂടി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ കരാറിന് തയാറായി നാല് മെഡിക്കൽ കോളജുകൾ കൂടി. ഇതോടെ കഴിഞ്ഞ വർഷത്തെ നാല് തരം ഫീസ് ഘടനയിൽ പ്രേവശനത്തിന് സന്നദ്ധത അറിയിച്ച കോളജുകളുടെ എണ്ണം എട്ടായി. പരിയാരം സഹകരണ മെഡിക്കൽ കോളജ്, കൊല്ലം അസീസിയ, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്, പാലക്കാട് കരുണ മെഡിക്കൽ കോളജ് എന്നിവയാണ് പുതുതായി സന്നദ്ധത അറിയിച്ചത്.
നേരത്തേ, പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ, വെഞ്ഞാറമൂട് ഗോകുലം, കോഴിക്കോട് മലബാർ മെഡിക്കൽ കോളജുകളാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനത്തിന് തയാറായത്. 20 ശതമാനം സീറ്റിൽ ബി.പി.എൽ/എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25,000 രൂപയാണ് കഴിഞ്ഞ വർഷത്തെ ഫീസ്. 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷവുമാണ് ഫീസ്. കൂടുതൽ കോളജുകൾ ഇൗ ഫീസ് ഘടനയിലേക്ക് വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇൗ കോളജുകളുമായി ഒപ്പുവെക്കാനുള്ള കരാറിെൻറ കരട് ആരോഗ്യവകുപ്പ് തയാറാക്കി നിയമവകുപ്പിന് അയച്ചിട്ടുണ്ട്.
ഇത് നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ വർഷത്തെ കരാറിന് തയാറല്ലാത്ത മെഡിക്കൽ കോളജുകൾക്ക് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് ഘടനയായിരിക്കും ബാധകമാവുക. ഇതുപ്രകാരം 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷം രൂപയുമായിരിക്കും ഫീസ്. നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലും രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് ഘടനയായിരിക്കും പിന്തുടരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.