പുതിയ സ്വാശ്രയ കോളജുകൾക്കും ബാച്ചുകൾക്കും അടുത്തഘട്ട അലോട്മെൻറ് അനുവദിക്കണം -ഹൈകോടതി
text_fieldsകൊച്ചി: പുതിയ സ്വാശ്രയ എൻജിനീയറിങ് കോളജുകളെയും പുതിയ ബാച്ചുകളെയും അടുത്തഘട്ട അലോട്മെൻറിൽ ഉൾപ്പെടുത്തണമെന്ന് ഹൈകോടതി. ആദ്യ അലോട്മെൻറിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ആലപ്പുഴ കാർമൽ എൻജിനീയറിങ് കോളജ് ഉൾപ്പെടെ സമർപ്പിച്ച ഹരജികളിലാണ് ഉത്തരവ്. സർക്കാർ തീരുമാനത്തിന് വിരുദ്ധമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവക്ക് അലോട്മെൻറ് അനുവദിക്കാതിരുന്നതെന്നായിരുന്നു ആരോപണം. അലോട്മെൻറിന് ഓപ്ഷൻ നൽകേണ്ട സമയം വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് അടുത്ത അലോട്മെൻറിൽ ഉൾപ്പെടുത്താൻ നിർദേശിച്ചത്.
സ്വാശ്രയ കോളജുകളിലെ പുതിയ ബാച്ചുകൾക്ക് അനുമതി നൽകേണ്ടെന്ന സർക്കാർ തീരുമാനം കഴിഞ്ഞ ഡിസംബറിൽ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനുശേഷം കോളജുകൾക്ക് എൻ.ഒ.സി നൽകണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് സാങ്കേതിക സർവകലാശാല നിഷ്കർഷിച്ചതും കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് തങ്ങൾ പുതിയ കോഴ്സുകൾ തുടങ്ങിയതെന്നും ഇവയൊന്നും അലോട്മെൻറിൽ ഉൾപ്പെടുത്തിയില്ലെന്നുമായിരുന്നു വാദം.
ഈ വിഷയത്തിൽ സർക്കാർ തീരുമാനവും സർവകലാശാല നിലപാടും ഹൈകോടതി തിരുത്തിയ സാഹചര്യത്തിൽ സ്വാശ്രയ കോളജുകളുടെ പുതിയ ബാച്ചുകൾ അടുത്ത അലോട്മെൻറിൽ ഉൾപ്പെടുത്തണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നാല് സ്വാശ്രയ ഫാർമസി കോളജുകൾ നൽകിയ ഹരജിയിൽ അടുത്ത നോട്ടിഫിക്കേഷനിൽ ഈ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
ചാലക്കുടി നിർമല കോളജ്, കട്ടപ്പന സെൻറ് ജോൺസ് കോളജ് ഒാഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, മൂവാറ്റുപുഴ മൂകാംബിക കോളജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, തൃശൂരിലെ എലിംസ് ഫാർമസി കോളജ് എന്നിവരുടെ ഹരജികളാണ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.