സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിന് 5.5 ലക്ഷം രൂപ ഏകീകൃത ഫീസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും കൽപിത സര്‍വകലാശാലയായ കൊച്ചി അമൃത മെഡിക്കൽ കോളജിലെയും എം.ബി.ബി.എസ് പ്രവേശനത്തിന് 5.5 ലക്ഷം രൂപ വാര്‍ഷികഫീസ് നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവായി. മെറിറ്റ്, മാനേജ്മെൻറ് വ്യത്യാസമില്ലാതെ 85 ശതമാനം സീറ്റുകളിലേക്കാണ് ഈ ഫീസ്. അവശേഷിക്കുന്ന 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ 20 ലക്ഷമായിരിക്കും പുതിയ ഫീസ്. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കും സമര്‍ഥരായ കുട്ടികള്‍ക്കും പ്രത്യേക സ്കോളര്‍ഷിപ് നൽകണമെന്നും ഉത്തരവില്‍ നിർദേശമുണ്ട്.
അതേസമയം പുതിയ ഫീസ് സ്വീകാര്യമല്ലെന്ന നിലപാടുമായി മാനേജ്മെൻറ് അസോസിയേഷൻ രംഗത്തുവന്നിട്ടുണ്ട്. ഇവർ കോടതിയെ സമീപിക്കും. ക്രിസ്ത്യന്‍ മാനേജ്മെൻറുകള്‍ പുതിയ ഫീസ് ഘടന സ്വീകാര്യമെന്ന നിലപാടിലാണ്. കഴിഞ്ഞവര്‍ഷം സർക്കാർ അലോട്ട്മെൻറ് നടത്തിയിരുന്ന 50 ശതമാനം മെറിറ്റ് സീറ്റിൽ 20 എണ്ണത്തിലേക്ക് ബി.പി.എൽ, എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25,000 രൂപയായിരുന്നു ഫീസ്. അവശേഷിക്കുന്ന 30 മെറിറ്റ് സീറ്റിൽ 2.5 ലക്ഷവും 35 ശതമാനം മാനേജ്മെൻറ് സീറ്റില്‍ 11 ലക്ഷവും ആയിരുന്നു ഫീസ്.
ഇതാണ് ഇത്തവണ സുപ്രീംകോടതി നിർദേശം മുൻനിർത്തി സർക്കാർ ഏകീകരിച്ച് 5.5 ലക്ഷമാക്കിയത്. കഴിഞ്ഞവർഷം 15 ശതമാനം എന്‍.ആര്.ഐ സീറ്റില്‍ 15 ലക്ഷം രൂപയായിരുന്ന ഫീസ് ആണ് ഇത്തവണ 20 ലക്ഷമാക്കിയത്. ഇത്തവണ അലോട്ട്മെൻറ് ദേശീയ പ്രവേശനപരീക്ഷയുടെ (നീറ്റ്) അടിസ്ഥാനത്തില്‍ വേണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. കോടതി നിർദേശപ്രകാരം മുഴുവൻ സീറ്റിലേക്കും സർക്കാർ ആണ് അലോട്ട്മെൻറ് നടത്തുന്നത്.ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെൻറ് ഫെഡറേഷന് കഴിഞ്ഞവര്‍ഷം 4.4 ലക്ഷം എന്ന ഏകീകൃത ഫീസാണ് ഈടാക്കിയിരുന്നത്. ഇക്കൊല്ലം 5.5 ലക്ഷം എന്ന വാര്ഷികഫീസിന് അവര്‍ ആദ്യമേ സമ്മതവുമറിയിച്ചിരുന്നു. മറ്റ് മാനേജ്മെൻറുകളെക്കൂടി ഇത് അംഗീകരിപ്പിക്കാനായിരുന്നു ചർച്ചയിൽ സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാൽ, പരാജയപ്പെട്ടു.
85 ശതമാനം സീറ്റുകളില്‍ 15 ലക്ഷം രൂപ വീതം വേണമെന്നായിരുന്നു ക്രിസ്ത്യൻ ഒഴികെയുള്ള മറ്റ് കോളജുകളുടെ മാനേജ്മെൻറുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. രണ്ടുതവണ അവരുടെ അസോസിയേഷന് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയില്ല. തുടർന്ന് കോളജുകളുടെ വരവ് ചെലവ് കണക്കാക്കി ഫീസ് നിശ്ചയിക്കാന്‍ രാജേന്ദ്രബാബു കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എന്നാല്‍, പല കോളജുകളും രേഖകള്‍ സമര്‍പ്പിച്ചില്ല. ചില കോളജുകള്‍ നൽകിയ രേഖകളാകട്ടെ അപൂര്‍ണവുമായിരുന്നു. കമ്മിറ്റിയുടെ അംഗീകാരത്തിനായി ചില കോളജുകള്‍ സമര്‍പ്പിച്ച പ്രോസ്പെക്ടസില്‍ 15 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ് ആവശ്യപ്പെട്ടിരുന്നത്. ഭീമമായ ഈ ഫീസ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതും കൊള്ളലാഭം ലക്ഷ്യമിട്ടുള്ളതാണെന്നും കണ്ട് കമ്മിറ്റി തള്ളുകയായിരുന്നു.
മുന്‍വര്‍ഷങ്ങളിലെ കരാര്‍ അനുസരിച്ച് 85 ശതമാനം സീറ്റുകളിലേക്ക് കോളജുകള്‍ വാങ്ങിയ മൊത്തം ട്യൂഷൻ ഫീസിെൻറ ശരാശരി (5.47 ലക്ഷം) കണക്കാക്കിയാണ് ഇപ്പോള്‍ 5.5 ലക്ഷം രൂപ താൽക്കാലിക ഫീസായി അംഗീകരിച്ച് നൽകിയത്. ക്രിസ്ത്യന്‍ മാനേജ്മെൻറുകളുടെ കഴിഞ്ഞവർഷത്തെ ഫീസ് നിരക്കും കമ്മിറ്റി കണക്കിലെടുത്തു. വരവ് ചെലവ് കണക്ക് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കോളജുകള്‍ക്ക് രണ്ടുമാസ സമയംകൂടി കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. എൻ.ആര്.ഐ സീറ്റുകളില്‍ മുന്വര്ഷത്തേത്തില്നിന്ന് അഞ്ചുലക്ഷം രൂപ വര്‍ധന വേണമെന്ന മാനേജ്മെൻറുകളുടെ ആവശ്യം കമ്മിറ്റി അതേപടി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, അധികം അനുവദിക്കുന്ന പണം ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കും സമര്‍ഥരായ മറ്റ് കുട്ടികള്‍ക്കും സ്കോളര്‍ഷിപ് നൽകാന് സഞ്ചിതധനമായി സൂക്ഷിക്കണം.
സ്വാശ്രയ എം.ബി.ബി.എസ് ഫീസ് നിരക്ക് കഴിഞ്ഞവർഷം
സർക്കാർ മെറിറ്റ് സീറ്റുകളിൽ 20 എണ്ണത്തിലേക്ക് -25,000 രൂപ (എസ്.ഇ.ബി.സി/ ബി.പി.എൽ വിദ്യാർഥികൾക്ക്)
അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് - 2.5 ലക്ഷം രൂപ
മാനേജ്മെൻറ് സീറ്റിൽ (ആകെ സീറ്റിെൻറ 35 ശതമാനം) -11 ലക്ഷം രൂപ
എൻ.ആർ.െഎ സീറ്റ് (15 ശതമാനം) - 15 ലക്ഷം
ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ
85 ശതമാനം സീറ്റുകളിൽ -4.4 ലക്ഷം രൂപ
എൻ.ആർ.െഎ സീറ്റിൽ -12 ലക്ഷം രൂപ
ഫീസ് ഇൗ വർഷം
85 ശതമാനം സീറ്റിൽ (മെറിറ്റ്, മാനേജ്മെൻറ് വ്യത്യാസമില്ലാതെ) -5.5 ലക്ഷം രൂപ
എൻ.ആർ.െഎ സീറ്റിൽ -20 ലക്ഷം രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.