ഇടതുഭരണത്തിൽ അനുവദിച്ചതിൽ 69.39 ശതമാനവും സ്വാശ്രയ കോളജുകൾ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ എൽ.ഡി.എഫ് സർക്കാറിനും താൽപര്യം സ്വാശ്രയ കോളജുകളോട്. ഒന്നാം പിണറായി സർക്കാർ നിലവിൽ വന്ന 2016 മുതൽ 2021വരെ സംസ്ഥാനത്ത് പുതുതായി വന്നത് 49 കോളജുകളാണ്. ഇതിൽ 15 എണ്ണം സർക്കാർ/ എയ്ഡഡ് മേഖലയിലാണെങ്കിൽ 34 എണ്ണവും സ്വാശ്രയ മേഖലയിലാണ്. എൽ.ഡി.എഫ് സർക്കാർ അനുവദിച്ച കോളജുകളിൽ 69.39 ശതമാനവും സ്വാശ്രയ മേഖലയിൽ. 30.61 ശതമാനം കോളജുകളാണ് സർക്കാർ/ എയ്ഡഡ് മേഖലയിൽ അനുവദിച്ചത്. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കിലാണ് ഇക്കാര്യം പുറത്തുവന്നത്.
സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിൽ 75.57 ശതമാനവും സ്വാശ്രയ മേഖലയിലാണ്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ്, സാങ്കേതിക (കെ.ടി.യു) സർവകലാശാലകൾക്ക് കീഴിലായി ആകെ 1097 കോളജുകളാണുള്ളത്. ഇതിൽ 829 എണ്ണവും സ്വാശ്രയ മേഖലയിലാണ്. 268 കോളജുകളാണ് (24.43ശതമാനം) സർക്കാർ, എയ്ഡഡ് മേഖലയിലുള്ളത്. ഏറ്റവും കൂടുതൽ സ്വാശ്രയ കോളജുകളുള്ളത് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ്. ഇവിടെ 365 കോളജുകളിൽ 273 എണ്ണവും (74.79 ശതമാനം) സ്വാശ്രയ മേഖലയിലാണ്. 92 സർക്കാർ, എയ്ഡഡ് കോളജുകളാണ് (25.21ശതമാനം) കാലിക്കറ്റ് പരിധിയിലുള്ളത്.
എം.ജി സർവകലാശാലയിൽ ആകെ 259 കോളജുകളിൽ 190 എണ്ണവും (73.36 ശതമാനം) സ്വാശ്രയ മേഖലയിലാണ്. 69 കോളജുകൾ സർക്കാർ, എയ്ഡഡ് (26.64 ശതമാനം) മേഖലയിലും. കേരള സർവകലാശാലക്ക് കീഴിലെ 187 കോളജുകളിൽ 120 എണ്ണം (64.17ശതമാനം) സ്വാശ്രയ മേഖലയിലും 67 എണ്ണം (35.83 ശതമാനം) സർക്കാർ, എയ്ഡഡ് മേഖലയിലും. കണ്ണൂർ സർവകലാശാലയിലെ 100 അഫിലിയേറ്റഡ് കോളജുകളിൽ 74 എണ്ണം സ്വാശ്രയ മേഖലയിലും 26 എണ്ണം സർക്കാർ, എയ്ഡഡ് മേഖലയിലും. കെ.ടി.യുവിന് കീഴിലെ 177 കോളജുകളിൽ 12 എണ്ണം മാത്രമാണ് സർക്കാർ, എയ്ഡഡ് (6.78 ശതമാനം) മേഖലയിലുള്ളത്. 165 കോളജുകളും (93.22 ശതമാനം) സ്വാശ്രയ മേഖലയിലാണ്.
കുസാറ്റിൽ ആകെ ഒമ്പത് കോളജുകളിൽ ഏഴെണ്ണം (77.78 ശതമാനം) സ്വാശ്രയ മേഖലയിലും രണ്ടെണ്ണം സർക്കാർ, എയ്ഡഡ് മേഖലയിലുമാണ്. കാലിക്കറ്റ് സർവകലാശാല പരിധിയിൽ പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം, വയനാട് ജില്ലകളിൽ 100 ശതമാനം കോളജുകളും സ്വാശ്രയ മേഖലയിലാണ്. ഇതിൽ മലപ്പുറം ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലകളിൽ ഒരു എൻജിനീയറിങ് കോളജ് പോലുമില്ല.
സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇടതുഭരണകാലത്തു പോലും സ്വാശ്രയ സ്ഥാപനങ്ങൾ പെരുകിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മൂന്നു സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് യു.ജി.സി സ്വയംഭരണ പദവിയും ഇക്കാലത്ത് നൽകി. സർക്കാർ നാമനിർദേശം ചെയ്ത പ്രതിനിധിയും സ്വയംഭരണ പദവിക്കായുള്ള പരിശോധന സമിതിയിൽ ഉണ്ടായിരുന്നു. എയ്ഡഡ് മേഖലയിൽ പുതിയ കോളജുകൾ തുടങ്ങുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയും സഹകരണ സ്ഥാപനങ്ങൾക്കു മാത്രം സ്വാശ്രയ കോളജുകൾ അനുവദിക്കാൻ തീരുമാനിച്ചും 2020 ആഗസ്റ്റ് 20ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു വിവാദമാവുകയും പിന്നീട് ഹൈകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.