സ്വാശ്രയ വിദ്യാഭ്യാസം; അന്ന് പോരാട്ടം, ഇന്ന് സ്വാഗതം
text_fieldsകണ്ണൂർ: സ്വാശ്രയ കോളജിനെതിരെ പടപൊരുതി വെടിയേറ്റ് വീണ പുഷ്പൻ വിടവാങ്ങുന്നത്, ഇടത് സർക്കാർ വിദേശ സർവകലാശാലകൾക്ക് ജാലകം തുറന്നിട്ട വേളയിൽ. മൂന്ന് പതിറ്റാണ്ടു മുമ്പ് കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ച പ്രതിഷേധ കാരണം വീണ്ടുമോർക്കുമ്പോൾ വിദ്യാഭ്യാസത്തിലെ സ്വകാര്യ നിക്ഷേപം സംബന്ധിച്ച് സി.പി.എം നയവും നിലപാടും അടിമുടി മാറി. സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ ആവാമെന്ന വ്യക്തമായ സൂചന നൽകി 2024-25 ബജറ്റ് അവതരിപ്പിച്ചത് കൂത്തുപറമ്പ് വെടിവെപ്പ് വേളയിൽ യുവ നേതാവായിരുന്ന കെ.എൻ. ബാലഗോപാൽ.
വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമെന്നതിനെ ഒരുനിലക്കും അംഗീകരിക്കാത്ത പാർട്ടിയായിരുന്നു അന്ന് സി.പി.എം. അതാണ് പരിയാരം കോളജിന്റെ പേരിൽ വിദ്യാഭ്യാസകച്ചവടമായി വ്യാഖ്യാനിച്ച് പ്രതിഷേധ സമരമായത്.
കാലങ്ങൾക്കിപ്പുറം സ്വാശ്രയ കോളജുകൾക്കുമപ്പുറം വിദേശ സർവകലാശാല കാമ്പസുകളുടെ സാധ്യത പരിശോധിക്കുമെന്ന നിലപാടിലേക്ക് പാർട്ടിയും സർക്കാറും മാറി. ബജറ്റിൽ തന്നെ അത് വ്യക്തമാക്കുകയും ചെയ്തു. സർക്കാരിന്റെ നയം മാറ്റത്തെ ‘പുഷ്പനെ അറിയുമോ’ എന്ന് ചോദിച്ചാണ് ബജറ്റ് വേളയിൽ പ്രതിപക്ഷം നേരിട്ടത്.
പരിയാരത്ത് സ്വകാര്യ ട്രസ്റ്റിനു കീഴിൽ സ്വാശ്രയ മെഡിക്കൽ കോളജ് തുടങ്ങാൻ തീരുമാനിച്ചതിനെതിരായ സമരമാണ് വെടിവെപ്പിലേക്ക് നയിച്ചത്. യു.ഡി.എഫ് സർക്കാർ മാറി ഇടതു പക്ഷമെത്തിയപ്പോഴും ട്രസ്റ്റ് അതേപോലെ നിലകൊണ്ടു. സ്വകാര്യ ട്രസ്റ്റ്, മാനേജ്മെന്റ് എന്നവക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമെന്നത് വിദ്യാഭ്യാസകച്ചവടമായാണ് പാർട്ടി അന്ന് കണ്ടത്.
കാലങ്ങൾക്കിപ്പുറം നയവും നിലപാടും മാറി. കമ്യൂണിസ്റ്റ് ആചാര്യന്മാരുടെയും നേതാക്കളുടെയും പേരിലെല്ലാം ഇന്ന് അനേകം സ്വാശ്രയ നഴ്സിങ്, എൻജിനീയറിങ് സ്ഥാപനങ്ങളുണ്ട്. സഹകരണ ട്രസ്റ്റുകൾക്ക് കീഴിലാണ് എല്ലാം. വിദേശ സർവകലാശാലകൾക്ക് അനുമതി കൊടുക്കാൻ കഴിഞ്ഞ വർഷം യു.ജി.സി തീരുമാനമെടുത്തപ്പോൾ സി.പി.എം പോളിറ്റ് ബ്യൂറോ ശക്തമായി എതിർത്തു. വിദേശ സർവകലാശാലകൾ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നാണ് അന്ന് പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവന. ഈ പ്രസ്താവനയിറക്കി ഒരു വർഷം കഴിഞ്ഞ ശേഷമുള്ള സംസ്ഥാന ബജറ്റിലാണ് വിദേശ സർവകലാശാലകൾക്ക് അനുകൂല നിലപാട് സർക്കാർ കൈക്കൊണ്ടത്. വിദേശ സർവകലാശാല കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറി പിന്നീട് പറഞ്ഞത്. ഒരു നിലക്കും അനുവദിക്കില്ലെന്ന് എസ്.എഫ്.ഐയും വ്യക്തമാക്കി. എങ്കിലും സർക്കാറിന്റെയും പാർട്ടിയുടെയും നയം മാറ്റമായാണ് ഇതിനെ കാണുന്നത്.
സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പാർട്ടിയുടെയും സർക്കാറിന്റെയും നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽ ചേരുന്നതായി പുഷ്പന്റെ സഹോദരൻ അറിയിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ, കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് ബി.ജെ.പിയിൽ ചേർന്നത് എന്ന് അന്ന് പാർട്ടി വിശദീകരിച്ചു. യു.പി.എ സർക്കാറിന്റെ കാലത്തും വിദേശ സർവകലാശാലക്ക് അനുമതി നൽകാൻ നീക്കമുണ്ടായി. അന്ന് മുന്നണിയിലുണ്ടായിരുന്ന സി.പി.എം അതിനെ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.