ഫീസ് ഇളവുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചില്ല; നിർധന വിദ്യാർഥികളുടെ മെഡിക്കൽ പഠനം പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ബി.പി.എൽ, എസ്.ഇ.ബി.സി വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തത് നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാക്കി. കഴിഞ്ഞ വർഷം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഇളവുള്ള 20 ശതമാനം സീറ്റുകളിൽ പ്രവേശനം നേടിയവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറേറ്റ് പ്രസിദ്ധീകരിക്കാത്തതാണ് പ്രശ്നം.
പട്ടിക കോളജുകൾക്ക് കൈമാറിയാൽ മാത്രമേ ഇൗ വിദ്യാർഥികൾക്ക് ഫീസ് ഇളവ് അനുവദിക്കുകയുള്ളൂ. പ്രവേശന പരീക്ഷ കമീഷണറേറ്റിെൻറ നടപടി അനിശ്ചിതമായി വൈകിയതോടെ ഇൗ വിദ്യാർഥികളോട് ഇൗ വർഷം ഉയർന്ന ഫീസ് അടയ്ക്കാൻ കോളജുകൾ നിർദേശം നൽകിയിട്ടുണ്ട്. ഫീസ് അടച്ചില്ലെങ്കിൽ പഠനം തുടരാനാകില്ലെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സർക്കാറുമായി കരാർ ഒപ്പിട്ട 17 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 20 ശതമാനം വീതം സീറ്റുകളിലെ വിദ്യാർഥികൾക്കാണ് ഫീസ് ഇളവിന് അർഹതയുള്ളത്. ഇവർക്ക് വാർഷിക ഫീസ് സർക്കാർ മെഡിക്കൽ കോളജുകളിലേതിന് തുല്യമായി 25,000 രൂപയാണ്. എന്നാൽ, പ്രവേശന സമയത്ത് ഇവരോട് 2.5 ലക്ഷം രൂപയാണ് വാങ്ങിയിട്ടുള്ളത്. അർഹതയുള്ള ബി.പി.എൽ, എസ്.ഇ.ബി.സി വിദ്യാർഥികളുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണർ നൽകുന്നതോടെ അധികം വാങ്ങിയ തുക രണ്ടാം വർഷത്തെ ഫീസിലേക്ക് അഡ്ജസ്റ്റ് ചെയ്യുകയും ബാക്കി തുക തിരികെ നൽകുകയുമാണ് കോളജുകളുടെ രീതി.
കഴിഞ്ഞ വർഷം പ്രവേശനം നേടിയവരിൽ ഫീസ് ഇളവിന് അർഹതയുള്ളവരുടെ പട്ടിക നൽകാതായതോടെ ഇൗ വർഷത്തെ ഫീസായി 2.5 ലക്ഷം രൂപ ഉടൻ അടയ്ക്കാനാണ് കോളജുകൾ നിർദേശിച്ചിരിക്കുന്നത്. ഇൗ വിഭാഗത്തിൽ പ്രവേശനം നേടിയത് നിർധന വിദ്യാർഥികളാണ്. ആദ്യ വർഷം വായ്പയെടുത്തും കടംവാങ്ങിയുമാണ് ഇവരിൽ മിക്കവരും 2.5 ലക്ഷം രൂപ ഫീസായി ഒടുക്കിയത്. ഇതിൽ രണ്ടു വർഷത്തെ ഫീസ് എടുത്ത് ബാക്കി തുക തിരികെ നൽകേണ്ടതാണ്. പരീക്ഷ കമീഷണറേറ്റ് കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ അവസാനത്തിലോ ആഗസ്റ്റ് ആദ്യവാരത്തിലോ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ, ഇത്തവണ സെപ്റ്റംബർ ആദ്യവാരം പിന്നിട്ടിട്ടും പട്ടിക ലഭിക്കാതായതോടെയാണ് നിർധന വിദ്യാർഥികളിൽനിന്ന് കോളജുകൾ ഉയർന്ന ഫീസ് ഇൗടാക്കാൻ കോളജുകൾ സമ്മർദം ആരംഭിച്ചത്.
ഫീസ് അടച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്നാണ് കോളജുകളുടെ ഭീഷണി. പുറത്താക്കുമെന്ന ഭീഷണി വരെ ചില കോളജുകൾ ഉയർത്തിയിട്ടുണ്ട്. 100 സീറ്റുകളിൽ 20 സീറ്റുകളിലേക്കാണ് ഫീസ് ഇളവ് നൽകിയിരുന്നത്. ഇതിൽ ഏഴ് സീറ്റുകൾ ബി.പി.എൽ വിദ്യാർഥികൾക്കും 13 സീറ്റുകൾ എസ്.ഇ.ബി.സി വിദ്യാർഥികൾക്കുമാണ് നീക്കിവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.