സ്വാശ്രയ മെഡിക്കൽ കരാർ വീണ്ടും അനിശ്ചിതത്വത്തിൽ
text_fieldsതിരുവനന്തപുരം: പ്രവേശന പരീക്ഷാ കമീഷണറുടെ അലോട്ട്മെൻറിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സർക്കാർതന്നെ സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന വ്യവസ്ഥയെ ചൊല്ലി സ്വാശ്രയ മെഡിക്കൽ പ്രവേശന കരാർ ഒപ്പിടൽ വീണ്ടും പ്രതിസന്ധിയിൽ.
കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനത്തിന് തയാറായ പത്തിൽ ഒമ്പത് കോളജുകളുമായുള്ള കരാർ ഒപ്പിടുന്നതാണ് വീണ്ടും അനിശ്ചിതത്വത്തിലായത്. പരിയാരം മെഡിക്കൽ കോളജ് സർക്കാറുമായി പ്രവേശന കരാർ ഒപ്പിട്ടിട്ടുണ്ട്. പ്രവേശന പരീക്ഷാ കമീഷണറുടെ രണ്ടാം അലോട്ട്മെൻറിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാനേജ്മെൻറുകൾ പ്രവേശനാവകാശം ഉന്നയിച്ചിരുന്നു. സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മെൻറാക്കി ചുരുക്കിയത് മാനേജ്മെൻറുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമായിരുന്നു.
ഇതുസംബന്ധിച്ച പത്രവാർത്തകൾ വന്നതോടെയാണ് മുഴുവൻ സീറ്റുകളിലും പ്രവേശനാധികാരം ഉറപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. മാനേജ്മെൻറുകൾ സർക്കാറിന് സമർപ്പിച്ച കരാർ മാതൃക ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാനേജ്മെൻറിന് പ്രവേശനാധികാരം ഉറപ്പിക്കുന്നതായിരുന്നു. ഇതു തള്ളിയ സർക്കാർ മുഴുവൻ സീറ്റുകളിലെയും പ്രവേശനാധികാരം ഉറപ്പിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതോടെയാണ് മാനേജ്മെൻറുകൾ കരാർ ഒപ്പിടുന്നതിൽനിന്ന് പിന്നോട്ടുപോയത്. കഴിഞ്ഞ വർഷത്തെ കരാർ അംഗീകരിക്കണമെന്നും അതുപ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് മാനേജ്മെൻറിന് പ്രവേശനാധികാരം നൽകണമെന്നുമാണ് മാനേജ്മെൻറുകളുടെ വാദം.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് അപര്യാപ്തമാണെന്ന് കാണിച്ച് ഏതാനും സ്വാശ്രയ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു പുറമേ, കഴിഞ്ഞ വർഷത്തെ നാലുതരം ഫീസ് ഘടനയിൽ പ്രവേശനം നടത്താനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയിലും കേസുണ്ട്. രണ്ട് കേസുകളും തിങ്കളാഴ്ച പരിഗണനക്ക് വരുന്നുണ്ട്. ഇതിലെ കോടതി നടപടി കൂടി കാത്തിരുന്ന േശഷം കരാറിലേക്ക് പോയാൽ മതിയെന്നാണ് മാനേജ്മെൻറുകളുടെ നിലപാട്.
സർക്കാർ ആകെട്ട കോടതിയിലെ കേസുകളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും കരാർ എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.