സ്വാശ്രയ മെഡിക്കൽ: പ്രവേശന കരാറിൽനിന്ന് എം.ഇ.എസ്, കാരക്കോണം കോളജുകൾ പിന്മാറി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് സർക്കാറുമായി ഒപ്പിട്ട കരാറിൽനിന്ന് പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകൾ പിന്മാറി. കരാറിൽനിന്ന് പിന്മാറുന്നതായി കാണിച്ച് രണ്ട് കോളജുകളും സർക്കാറിന് കത്ത് നൽകി. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ പ്രതിസന്ധി അതിസങ്കീർണമായി.
നിശ്ചയിച്ച പ്രവേശന നടപടികളുമായി സർക്കാറിന് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. രണ്ട് കോളജുകൾ കരാറിൽനിന്ന് പിന്മാറുന്നേതാടെ 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ അവസരവും ഇല്ലാതാകും. സർക്കാറുമായി കരാർ ഒപ്പുവെച്ചത് മൂന്ന് കോളജുകൾ മാത്രമാണ്. അവശേഷിക്കുന്നത് സർക്കാർ നിയന്ത്രിത കോളജായ പരിയാരം മാത്രമാണ്. സർക്കാറുമായി ഉണ്ടാക്കിയ കരാറിലെ ഫീസ് വ്യവസ്ഥകൾ ഹൈകോടതി റദ്ദുചെയ്ത സാഹചര്യത്തിലാണ് പിന്മാറ്റം എന്ന് കോളജുകൾ നൽകിയ കത്തിൽ പറയുന്നു. പകരം 85 ശതമാനം സീറ്റിലും ഏകീകൃത ഫീസ് എന്ന രീതിയിലേക്ക് മാറാൻ തയാറാണെന്നും കോളജുകൾ വ്യക്തമാക്കി. രണ്ട് കോളജിലും 20 ശതമാനം സീറ്റുകളിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25,000 രൂപയും 30 ശതമാനം സീറ്റുകളിൽ 2.5 ലക്ഷവുമായിരുന്നു ഫീസ്.
35 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപ ഫീസും 11 ലക്ഷം രൂപയുടെ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും നാലു വർഷത്തെ ഫീസിന് തുല്യമായി 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകണം. 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷവും പലിശരഹിത നിേക്ഷപവും നാലു വർഷത്തെ ഫീസിന് തുല്യമായ തുകക്കുള്ള ബാങ്ക് ഗ്യാരണ്ടിയും വ്യവസ്ഥ ചെയ്തിരുന്നു. ഇതിൽ 35 ശതമാനം സീറ്റുകളിലേക്ക് 11 ലക്ഷം രൂപ ഫീസ് നൽകാനുള്ള വ്യവസ്ഥ കോടതി റദ്ദ് ചെയ്തു. അഞ്ച് ലക്ഷം രൂപ ഫീസും ബാക്കിവരുന്ന ആറുലക്ഷം രൂപക്ക് ബാങ്ക് ഗ്യാരണ്ടി നൽകാനുമായിരുന്നു കോടതി നിർേദശം. ഒരു വർഷത്തെ ഫീസ് പലിശരഹിത നിക്ഷേപമായും 44 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നൽകണമെന്നുമുള്ള വ്യവസ്ഥയും കോടതി റദ്ദാക്കിയിരുന്നു. വ്യവസ്ഥകൾ ഏതെങ്കിലും റദ്ദാക്കിയാൽ മാനേജ്മെൻറുകൾക്ക് പിന്മാറാൻ കരാറിൽതെന്ന വ്യവസ്ഥയുണ്ടെന്ന് രണ്ട് കോളജ് മാനേജ്മെൻറുകളും പറയുന്നു. ഇൗ വ്യവസ്ഥ പ്രകാരമാണ് പിന്മാറ്റം.
11 ലക്ഷം രൂപ ഫീസുള്ള സീറ്റിൽ ഏതെങ്കിലും ഒഴിവുവന്നാൽ അവയിലേക്ക് സർക്കാറിന് രണ്ടര ലക്ഷം രൂപക്ക് നികത്താമെന്ന കോടതി നിർദേശവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോളജുകൾ പറയുന്നത്. കോടതി നിർദേശിച്ച ഫീസിൽ കോളജ് നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും അതിനാലാണ് ഏകീകൃത ഫീസ് ഘടനയിലേക്ക് മാറുന്നതെന്നുമാണ് മാനേജ്മെൻറുകൾ പറയുന്നത്. എന്നാൽ, കരാറിൽനിന്ന് പിന്മാറരുതെന്ന് ആരോഗ്യമന്ത്രി ഇരു കോളജ് മാനേജ്മെൻറുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കരാർ വ്യവസ്ഥ റദ്ദാക്കിയ കോടതി വിധിക്കെതിരെ പെരിന്തൽമണ്ണ എം.ഇ.എസ് കോളജ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇന്ന് പരിഗണനക്ക് വന്നേക്കും. ഇതിനിടെ രണ്ടാം അലോട്ട്മെൻറിനുള്ള ഒാപ്ഷൻ കൺഫർമേഷൻ ഒരു ദിവസത്തേക്കുകൂടി നീട്ടുന്നത് സർക്കാറിെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.