സ്വാശ്രയ മെഡിക്കൽ ഫീസ് സർക്കാർ സുപ്രീംകോടതിയിൽ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈകോടതിവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹരജി സമർപ്പിച്ചു.
ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കിയ 2020 മേയ് 19ലെ വിധിയും കോളജ് മാനേജ്മെൻറുകൾ നൽകുന്ന ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിർണയിക്കണമെന്ന കഴിഞ്ഞ 27ലെ ഉത്തരവും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കോളജുകൾ സമർപ്പിക്കുന്ന ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിർണയിച്ചാൽ മതിയെന്ന ഉത്തരവ് 2003ലെ ഇസ്ലാമിക് അക്കാദമി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയ ഫീസ് നിർണയ സമിതിയുടെ ചുമതലയെ തുരങ്കം വെക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
കോളജുകളുടെ വരവുചെലവ് കണക്കുകൾ സംബന്ധിച്ച രേഖകൾ വിളിച്ചുവരുത്തി സമിതി 'സൂപ്പർ അക്കൗണ്ടിങ്' നടത്തേണ്ടതില്ലെന്ന ഹൈകോടതി നിർദേശം കണക്കുകൾ സൂക്ഷ്മ പരിശോധന നടത്തണമെന്ന ഇസ്ലാമിക് അക്കാദമി കേസിലെ വിധിക്ക് വിരുദ്ധമാണ്. വരവുചെലവ് കണക്ക് സംബന്ധിച്ച വൗച്ചറുകൾ, ഒാഡിറ്റ് ചെയ്ത അക്കൗണ്ട് ബുക്കുകൾ തുടങ്ങിയവ പരിശോധിക്കരുതെന്ന നിർദേശം സമിതി പ്രവർത്തനം തടസ്സപ്പെടുത്തുന്നതും ഫീസ് നിർണയം അപ്രായോഗികമാക്കുന്നതുമാണ്. ഫീസ് നിർണയത്തിനുമുമ്പ് കോളജ് മാനേജ്മെൻറുകൾക്ക് പറയാനുള്ളത് കേട്ടില്ലെന്ന കോടതി നിരീക്ഷണം തെറ്റാണ്.
ഒാരോ മാനേജ്മെൻറുകളെയും വെവ്വേറെ കേട്ടാണ് സമിതി ഫീസ് നിർണയം നടത്തിയത്. ഹരജിയിൽ പറയുന്നു.
പ്രധാനമന്ത്രിക്ക് പരാതി
തെറ്റായ കണക്കുകളുടെ പിൻബലത്തിൽ സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ ഉയർത്താനുള്ള ഗൂഢാലോചന നടക്കുന്നതായും ഇതുസംബന്ധിച്ച് സി.ബി.െഎ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രധാനമന്ത്രിക്ക് കത്തയച്ചു. പെരുപ്പിച്ച കണക്കുകളാണ് വിവിധ മാനേജ്മെൻറുകൾ ഫീസ് നിർണയത്തിനായി സമർപ്പിച്ചതെന്നും ഇവരുടെ മറ്റ് ചെലവുകൾ കൂടി വിദ്യാർഥികളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഫീസ് വർധനക്ക് കളമൊരുക്കാൻ ഉന്നതർ ഉൾപ്പെടെയുള്ള സംഘം ആസൂത്രിത ശ്രമം നടത്തുന്നെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.