ധനകാര്യ ബിൽ നിർദേശം അവഗണിക്കുന്നു; സോളാർ ഉപയോക്താക്കൾക്ക് അനധികൃത തീരുവ
text_fieldsപാലക്കാട്: 2024ലെ കേരള ധനകാര്യ ബിൽ നിർദേശം മറികടന്ന് സോളാർ ഉപയോക്താക്കളിൽനിന്ന് കെ.എസ്.ഇ.ബി അനധികൃതമായി ഉൽപാദന തീരുവ (സെൽഫ് ജനറേഷൻ ഡ്യൂട്ടി) ഈടാക്കുന്നു.
സ്വന്തമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കുള്ള തീരുവ യൂനിറ്റിന് 15 പൈസയാക്കി വർധിപ്പിക്കാനുള്ള കരട് നിർദേശം പിൻവലിച്ച് പൂർണമായും തീരുവ ഒഴിവാക്കി ജൂലൈ 10ന് കേരള ധനബിൽ പാസാക്കിയിരുന്നെങ്കിലും ഇക്കഴിഞ്ഞ മാസമടക്കം തുക ഈടാക്കുന്നത് തുടരുകയാണ്.
സോളാർ ഉൽപാദകരിൽ തീരുവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകൾ പിന്തിരിയണമെന്ന കേന്ദ്ര നിർദേശം അവഗണിച്ചാണ് 2024-25 ബജറ്റിൽ, തീരുവ 1.2 പൈസയിൽനിന്ന് 15 പൈസ ആക്കി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. കേരള ധനകാര്യ ബില്ലിന്റെ കരടുരേഖയിൽ ഇക്കാര്യം വ്യക്തമായി പറയുകയും ചെയ്തു.
മാർച്ച് 24ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കരട് കേരള ധനബിൽ സബ്ജക്ട് കമ്മിറ്റിയുടെ വിശദ പഠനശേഷം സഭയിൽ അവതരിപ്പിക്കുന്നത് ജൂലൈ നാലിനാണ്.
കരടുരേഖയിലെ നിർദേശമനുസരിച്ച് കേരള ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മാർച്ച് 27ന് തീരുവ വർധിപ്പിച്ച് ഉത്തരവിറക്കുകയും ഇതനുസരിച്ച് പുതുക്കിയ നിരക്കായ യൂനിറ്റിന് 15 പൈസ ഏപ്രിൽ ഒന്നു മുതൽ കെ.എസ്.ഇ.ബി പിരിച്ചുതുടങ്ങുകയും ചെയ്തു. ഗവർണർ ഒപ്പിടുന്നതോ അന്തിമ നടപടിക്രമമോ കാത്തുനിൽക്കാതെ കേന്ദ്ര നിർദേശം അവഗണിച്ചുള്ള നടപടി സോളാർ ഉൽപാദകരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കി. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന് ജൂലൈ 10ന് നിയമസഭ സോളാർ വൈദ്യുതി ഉൽപാദകരുടെ തീരുവ പൂർണമായും പിൻവലിച്ച് ബിൽ പാസാക്കി. പക്ഷേ, ഇപ്പോഴും ഈ തുക പിരിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കിയവർക്ക് വൻ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായി ഉൽപാദകർ പരാതിപ്പെടുന്നു. തീരുവ വർധന ഒഴിവാക്കി സർക്കാർ ഉത്തരവോ കെ.എസ്.ഇ.ബി നിർദേശമോ ഇറങ്ങിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വിശദീകരണം.
‘നിയമമായിട്ടും കാലതാമസം വരുത്തുന്നതിൽ ദുരൂഹത’
നിയമസഭ പാസാക്കിയ ധനബിൽ ഗവർണർ ഒപ്പിട്ട് നിയമമായിട്ടും കാലതാമസം വരുത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് 2500ൽപരം സോളാർ വൈദ്യുതി ഉൽപാദകരെ പ്രതിനിധാനംചെയ്യുന്ന ‘കേരള ഡൊമസ്റ്റിക് സോളാർ പ്രോസമേഴ്സ് കമ്യൂണിറ്റി’ വാട്സ്ആപ് കൂട്ടായ്മ കോഓഡിനേറ്റർ ജെയിംസ് കുട്ടി തോമസ് ആരോപിച്ചു. നിയമസഭയിൽ കരട് ബിൽ അവതരിപ്പിച്ചയുടൻ, അതിൽ ചർച്ചയോ തീരുമാനമോ ആകുന്നതിനുമുമ്പ്, നടപ്പാക്കാനും തീരുവ പിടിച്ചെടുക്കാനുമുള്ള തീരുമാനത്തിൽ അസ്വാഭാവികതയുണ്ട്. നിയമപരമല്ലാതെ വാങ്ങുന്ന തുക തിരികെ നൽകുകയോ വൈദ്യുതി ബില്ലിൽ വകയിരുത്തുകയോ ചെയ്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.