Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോമ്പുകാലങ്ങളുടെ...

നോമ്പുകാലങ്ങളുടെ ആത്മദര്‍ശനങ്ങള്‍

text_fields
bookmark_border
നോമ്പുകാലങ്ങളുടെ ആത്മദര്‍ശനങ്ങള്‍
cancel

വിശ്വാസിയും അവന്റെ സ്രഷ്ടാവും മാത്രം അറിയുന്ന ആന്തരികമായ സമര്‍പ്പണമാണല്ലോ വ്രതാനുഷ്ഠാനം. റമദാന്‍ മുസ്ലിംകള്‍ പുണ്യങ്ങളുടെ പൂക്കാലമായി കാണുന്ന വേളയാണ്. വിശ്വാസികള്‍ അവരുടെ ശരീരവും മനസും സമ്പത്തും സ്ഫുടം ചെയ്യാന്‍ തയാറായി ഇറങ്ങുന്ന കാലമാണത്. അങ്ങനെ ഒരു റമദാന്‍ കാലം നമ്മില്‍നിന്ന് പിരിഞ്ഞുപോയിരിക്കുന്നു. പ്രാര്‍ഥനയും സമര്‍പ്പണവും തിരിച്ചറിവും മനുഷ്യനെ സംസ്‌കരിക്കുമെന്നത് തീര്‍ച്ചയാണ്. പട്ടിണി കിടക്കുക എന്നത് എന്റെ കുട്ടിക്കാലത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ഓര്‍മയുടെ ഭാഗമാണ്. ബാല്യം മുതലുള്ള അയല്‍പക്ക ജീവിതാനുഭവങ്ങളും സഹജീവികളുടെ ജീവിത സാഹചര്യങ്ങളും റമദാന്‍ അടക്കമുള്ള വ്രതാനുഷ്ഠാനങ്ങളിലേക്ക് എന്നെ ആനയിച്ചിരുന്നു.

ഖൈര്‍ മുബാറക്

ശബരിമല, പഴനിമല പുണ്യയാത്രകളുടെ വ്രതാനുഷ്ഠാനം ചെറിയ മാടപ്പുര കെട്ടി താമസിച്ചിരുന്ന കാലം മുതലേ തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യോദയത്തിന് മുന്‍പുള്ള കുളത്തിലെ മുങ്ങിക്കുളിയും തണുപ്പും നാല്‍പത്തിയൊന്ന് ദിവസത്തെ ശുദ്ധിയും അച്ചടക്കവും. അതിന്റെ അനുഭവങ്ങള്‍ ഇന്നും മനസില്‍ ഒരടയാളമായി കൂടെ ജീവിക്കുകയാണ്. അച്ഛനോടും മൂത്ത സഹോദരനോടുമൊപ്പമുള്ള ഈ പുണ്യ യാത്രകള്‍ നിക്കറിട്ട ബാല്യത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. കറുത്ത വസ്ത്രവും കഴുത്തിലെ സ്വാമിമാലയും ഒക്കെയുള്ള വേഷത്തില്‍ സ്‌കൂള്‍ പോയിരുന്ന കാലം മനസില്‍ തിളങ്ങിനില്‍ക്കുന്നു.




കൂടെ പഠിക്കുന്ന, കളിക്കുന്ന, അയല്‍ക്കാരുമായ മറ്റു മതങ്ങളിലെ കൂട്ടുകാര്‍ 'കുഞ്ഞിസ്വാമി' എന്നാണ് എന്നെ വരവേല്‍ക്കുക. എല്ലാവര്‍ക്കും ഭക്ത്യാദരവുകള്‍ നിറഞ്ഞ ഒരു പരിഗണനയും സ്‌നേഹമുണ്ടായിരുന്നു. അതെല്ലാം അച്ഛന്‍ പറഞ്ഞു തന്ന അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളിലൂടെ ഞാന്‍ ആഴത്തില്‍ നെയ്തുവച്ച മനോഹരമായ സന്ദര്‍ഭങ്ങളായിത്തീര്‍ന്നു. വളര്‍ച്ചയുടെ ഓരോ പടവിലും ഈ സൗഹൃദം തിളങ്ങിത്തിളങ്ങി വരുന്നുണ്ടായിരുന്നു. റമദാന്‍ മാസക്കാലത്ത് വടക്കേവീട്ടിലെ റാവിയുമ്മ കൊണ്ടുവന്ന് തന്നിരുന്ന 'ജീരകക്കഞ്ഞിക്ക്' അമ്മയുടെ കൈപ്പുണ്യം തന്നെയായിരുന്നു. ഒരു നോമ്പ് രാവിലും അത് മുടങ്ങാറില്ലായിരുന്നു.

അച്ഛന്‍ അമരക്കാരനായ വഞ്ചിയിലെ അണിയക്കാരനായിരുന്നു വടക്കേതിലെ വീരാന്‍വാപ്പ. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും പഴനിയിലെ സുബ്രഹ്മണ്യ സ്വാമിക്കും നാഹൂര്‍ ശാഹുല്‍ ഹമീദ് വലിയ്യിനും വീട്ടിലെ സ്വാമിമുറിയിലെ സങ്കല്‍പ്പ പീഠങ്ങള്‍ക്ക് മുന്‍പില്‍ ഒരുപോലെ മണ്ണിന്റെ കാശ് കുടുക്കകള്‍ കുഴിച്ചിട്ടുണ്ടായിരുന്നു. എല്ലാ ആഴ്ചയിലും കടപ്പുറത്തെ കണക്കുപറഞ്ഞ് കഴിഞ്ഞ് തിരിച്ചുവന്ന് അച്ഛന്‍ നാണയങ്ങളും ചുരുട്ടിയ നോട്ടുകളും ഈ കാശിക്കുടുക്കകളില്‍ വീതംവച്ചിടും. ഇടക്കൊക്കെ എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കും.

തളിക്കുളം ജുമാ മസ്ജിദിലെ മുക്രിക്കായുടെ വീട്ടില്‍ അച്ഛന്റെ തോണിയിലെ എല്ലാവരും കൂടിച്ചേര്‍ന്ന് ആണ്ട് നേര്‍ച്ച നടക്കും. വര്‍ഷാവര്‍ഷം ദിക്‌റുകളും സ്വലാത്തുകളും മാലകളും മൗലീദുകളുമുള്ള ഒരു രാത്രി. ചേട്ടന്റെ കൂടെ അവിടെ ചെന്ന് രുചികരമായ പോത്തിറച്ചിയും നെയ്‌ച്ചോറും കഴിച്ച് വീട്ടിലേക്കുള്ള പങ്കും വാങ്ങി തിരികെ നടക്കുമ്പോള്‍ ഇരുട്ടില്‍ വെളിച്ചമായി ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലുകളിലില്‍ കാവലിരിക്കുന്ന മിന്നാമിനുങ്ങുകള്‍ സന്തോഷം പൊഴിച്ചിടുന്നുണ്ടാകും.

തളിക്കുളം നമ്പിക്കടവിലെ പുതിയ വീട്ടിലെ ഗഫൂറും സ്വാതന്ത്ര്യ സമര സേനാനി മാളിയേക്കല്‍ കുഞ്ഞി ബാപ്പു സാഹിബിന്റെ മകളായ അഷ്‌റഫും ബാബു സലീമും തൊഴുത്തുംപറമ്പിലെ മുരളിയും ഒന്നിച്ചുള്ള സ്‌കൂള്‍ ബാല്യത്തില്‍ എട്ടാം ക്ലാസ് മുതലാണ് റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനങ്ങളെ ഞാനും സ്‌നേഹിക്കാന്‍ തുടങ്ങിയത്. സാധാരണ സ്‌കൂളില്‍ പോകുമ്പോള്‍ രാത്രിയിലെ ബാക്കിവന്ന കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും കൂട്ടി വയറുനിറക്കുന്ന കാലം. ഉച്ചക്ക് സാധാരണ നെല്ലിക്ക അമ്മായിയുടെ കൈയില്‍ നിന്ന് ഉപ്പിലിട്ട നെല്ലിക്ക വാങ്ങിക്കഴിച്ച് സ്‌കൂള്‍ പൈപ്പിലെ വെള്ളം കുടിക്കുന്ന ശീലമായിരുന്നു.

ഇടക്ക് അഷ്‌റഫും സലീമും അവരുടെ ഉച്ചയൂണ്‍ എനിക്ക് നീട്ടും. ഞങ്ങളത് പങ്കിട്ടുകഴിക്കും. ഏറ്റവും രുചികരമായ ഊണ്‍ നേരങ്ങളായിരുന്നു അത്. റമദാന്‍ വന്നാല്‍ അഷ്‌റഫും സലീമും ഉച്ചക്ക് ഭക്ഷണം കൊണ്ടുവരില്ലലോ. അവരുടെ നോമ്പുകാലവും ഞാന്‍ പങ്കിടാന്‍ തുടങ്ങി. സ്‌നേഹബന്ധത്തിന്റെ ആത്മദര്‍ശനമായിരുന്നു അത്. സാധാരണയില്‍ വൈകുന്നേരം വീട്ടില്‍ ചെന്നാല്‍ ക്ഷീണം മാറ്റാന്‍ കുളത്തില്‍ ചാടിക്കുളിക്കും. സന്ധ്യയോടടുക്കുമ്പോള്‍ രാമനാമം ജപിക്കും. അമ്മ വിളമ്പുന്ന കഞ്ഞികുടിക്കും. അതു കഴിഞ്ഞെത്തിയാല്‍ ചിമ്മിനി വിളക്കിന്റെ കരിവെളിച്ചത്തില്‍ വല്ലതും വായിച്ചുകിടക്കും.

ഈ രീതികളൊക്കെ റമദാന്‍ കാലത്ത് മാറും. കൂട്ടുകാരുടെ വീടുകളില്‍ നോമ്പുതുറകളുണ്ടാകും. സൗഹൃദങ്ങളുടെ ആഴങ്ങളേറുന്നത് ഞങ്ങള്‍ ശരിക്കുമറിഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. മാസം മുഴുവന്‍ നോമ്പുള്ള തുടക്കമായിരുന്നില്ല എന്റേതും. പിന്നീട് നോമ്പുകളുടെ എണ്ണം കൂടി. പ്രീഡിഗ്രി കാലത്ത് മുപ്പത് നോമ്പും ശീലമാക്കാം മനസും ശരീരവും തേടിക്കൊണ്ടിരുന്നു.

ഞാനൊരു ഇസ്ലാം മതവിശ്വാസിയല്ല. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന, ഗാന്ധിയുടെ രാമനില്‍ വിശ്വസിക്കുന്ന ദൈവ വിശ്വാസിയാണ്. എന്റെ ആത്മീയ സങ്കല്‍പ്പങ്ങളില്‍ എനിക്കഭിമാനവുമാണ്. അത് ആരോടെങ്കിലും ബോധ്യപ്പെടുത്തി എടുക്കേണ്ട ഒന്നാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മനുഷ്യനെ ഭിന്നിപ്പിക്കുന്ന, അയല്‍വാസിയെ സ്വന്തം കുടുംബാംഗമായി തിരിച്ചറിയാത്ത ഹൃദയ വിശാലതയില്ലാത്ത ക്രൂരജനങ്ങള്‍ എടുത്തുകാണിക്കുന്ന വിഗ്രഹങ്ങള്‍ എന്റേതല്ല. എല്ലാവരെയും ഒന്നായിക്കാണുന്ന ഭാരത സംസ്‌കാരത്തിലെ വിഗ്രഹങ്ങളാണ് എന്റെ ദൈവങ്ങള്‍.

പലരും പലപ്പോഴും വിമര്‍ശന ബുദ്ധിയോടെ എന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് മുസ്ലിം മതവിശ്വാസിയല്ലാത്ത ഞാന്‍ ഇങ്ങനെ 'പട്ടിണികിടക്കുന്നത്' എന്ന്. ഇത് പ്രകടനാത്മകതയുടെ ഭാഗമാണോ? ഒരു മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനും ജനപ്രതിനിധിയുമായപ്പോള്‍ ചോദ്യങ്ങള്‍ കടുത്തു. 'സംഘി സുഹൃത്തുക്കള്‍' ദയയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചുനടന്നു. മറുപടി മൗനം മാത്രമായിരുന്നു.

ബാല്യത്തില്‍ വയറുനിറച്ച് ഇഷ്ടാഹാരം കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതില്‍ ദുഃഖവുമില്ല. അതെല്ലാമാണ് എന്നെ വാര്‍ത്തെടുത്തത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പലപ്പോഴും അകക്കണ്ണ് നിറയുന്നതും ദുര്‍ബലരെ ചേര്‍ത്തുനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതും അന്നത്തെ ആ നല്ല പാഠങ്ങളാണ്. ഇപ്പോള്‍ എത്ര രുചിയുള്ള ഭക്ഷണവും എത്രവേണമെങ്കിലും കഴിക്കാനുള്ള അവസരമുണ്ട്. അതിനുള്ള ബന്ധങ്ങളുമുണ്ട്. പക്ഷേ, സംതൃപ്തി എന്ന വിശപ്പ് തീര്‍ക്കുന്നത് പഴയ ഓര്‍മകള്‍ തരുന്ന വിഭവങ്ങള്‍ തന്നെ.




ഇന്നും എല്ലാ വര്‍ഷവും ശബരിമലക്ക് പോകുന്ന, പൂരം നാളുകളില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന, വര്‍ഷത്തിലൊരിക്കല്‍ വേളാങ്കണ്ണി മാതാവിനെ കണ്ട് ആ കടപ്പുറത്തെ ചുട്ട മത്സ്യം കഴിച്ച് മടങ്ങുന്ന മനസ് ഒരു മാസത്തെ റമദാന്‍ വൃതാനുഷ്ഠാന നാളുകളില്‍ പകലുമുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ ഒരുപോലെ ആനന്ദം കണ്ടെത്തുകയാണ്. ഇസ്ലാം മത വിശ്വാസികള്‍ക്ക് റമദാന്‍ നോമ്പുകാലംകൊണ്ട് കിട്ടുന്ന ഏതെങ്കിലും വാഗ്ദത്ത പുണ്യം എനിക്ക് ലഭിക്കില്ലായിരിക്കും. എന്റേത് ഒരു ഐക്യപ്പെടലാണ്. എന്റേത് ഉള്ളത്തെ കണ്ടെത്താനുള്ള യാത്രയാണ്. ബാല്യത്തിലെ പട്ടിണിയും സഹനശീലവും ജീവിതത്തില്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് ഈ നോമ്പുകാലത്തിന്റെ ഓര്‍മകളിലൂടെയാണ്. അന്നപാനീയങ്ങള്‍ ത്യജിക്കുന്നതും ജീവിതക്രമത്തില്‍ മാറ്റങ്ങളുണ്ടാകുന്നതും എനിക്ക് നല്‍കുന്ന ആത്മീയമായ ഉണര്‍വ് അങ്ങേയറ്റം മനോഹരമാണ്. ദേഷ്യം, എടുത്തുചാട്ടം തുടങ്ങിയ അപകടങ്ങളില്ലാതാകും. വീണ്ടുവിചാരത്തിനുള്ള ക്ഷമയുണ്ടാകും. പ്രോലാഭനങ്ങളെ അതിജീവിക്കാനുള്ള ത്രാണി കിട്ടും. ആശിച്ചത് ലഭിക്കാതെ പോകുമ്പോള്‍ പതറാതിരിക്കാനുള്ള ധൈര്യം കിട്ടും. നോമ്പ് എനിക്ക് നല്‍കുന്ന ഗുണങ്ങള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്രയാണ്. ശാരീരികമായി ഉള്ള നേട്ടങ്ങള്‍ വേറെയും.

അമ്മ തന്നെയായിരുന്നു ഇതിലും എന്റെ കാണപ്പെട്ട ദൈവം. വിവാഹ ശേഷം എന്റെ എല്ലാ സാഹചര്യങ്ങളിലും കരുത്തായി രമയും. സൂര്യോദയത്തിന് മുന്‍പ് കരിക്കിന്‍ ജ്യൂസും സൂര്യാസ്തമയത്തിനു ശേഷം പഴങ്ങളും ശേഷം ജീരകക്കഞ്ഞിയും മാത്രമായുള്ള ഭക്ഷണക്രമം രമ ഇപ്പോഴും ചിട്ടപ്പെടുത്തുന്നത് ഒരു സദ്കര്‍മ്മം ചെയ്യുന്ന ത്യാഗിയുടെ ഹൃദയത്തോടെയാണ്. അമ്മക്ക് ശേഷം എന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ ജീവിതം.

ഓരോ വര്‍ഷവും ഈ മാസത്തിലെ ആദ്യദിനങ്ങളില്‍ ശരീരത്തിന്റെ തൂക്കം രേഖപ്പെടുത്തുന്നതും രക്തത്തിലെ വിവിധ ഘടകങ്ങള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തുന്നതും ശേഷം നോമ്പ് കൊണ്ടുവന്ന മാറ്റങ്ങള്‍ ചൂണ്ടികാണിക്കുന്നതും വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത എന്റെ പങ്കാളി രമ തന്നെയാണ്. റമദാന്‍ കാലത്ത് കുറഞ്ഞത് മൂന്ന് കിലോ എങ്കിലും തൂക്കം കുറയുമെന്നാണ് എന്റെ അനുഭവം. ഈ റമദാനില്‍ വിഷുവിന്റെ അന്നും ഡല്‍ഹിയില്‍ നടന്ന ഖേലോ മാസ്റ്റേഴ്‌സ് വോളിബോള്‍ കളിയുടെ അന്നും നോമ്പ് അനുഷ്ഠിച്ചില്ല. ബാക്കി ഇരുപത്തിയെട്ടും കണിശമായി എടുത്തു. അതില്‍ നാലഞ്ച് ദിവസം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു.

പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ സന്ദര്‍ശനം നടക്കുകയിരുന്നു. നമ്മുടെ നാട്ടിലേതിനേക്കാള്‍ എല്ലാം ഒരുമണിക്കൂര്‍ നേരത്തെയാണ് അവിടെ. എനിക്ക് അത്താഴത്തിനും നോമ്പുതുറക്കും കൃത്യസമയത്ത് തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പഴങ്ങളും പഴനീരും കൊണ്ടുവന്നുതരും. ഒരുദിവസം ഇന്‍ഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയിലെ യോഗത്തിനിടക്ക് നോമ്പ് തുറക്കുള്ള സമയമായി. എനിക്ക് നേരെ എതിരില്‍ ഇരിക്കുന്ന എന്റെ പി.ആര്‍.ഒ എന്നോട് ഇഫ്താറിന് സമയമായെന്ന് സൂചന നല്‍കി. ഞാന്‍ ഹാളിന് പുറത്തെത്തിയപ്പോള്‍ എന്റെ ലൈസന്‍ ഓഫിസര്‍ ഉമ സര്‍വകലാശാലയുടെ സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീനിന്റെ മുറിയിലേക്ക് എന്നെ ആനയിച്ചു. അവിടെ തയാറാക്കിയ നോമ്പുതുറ ഞങ്ങള്‍ എല്ലാവരും പങ്കിട്ടു. നമ്മളറിയാത്ത നാടുകളില്‍ നമ്മെ മുന്‍പേയറിയാത്ത ആളുകള്‍ സ്‌നേഹത്തോടെ നമുക്ക് നല്‍കുന്ന അനുഭവമായി നോമ്പുകള്‍ മാറുന്നു.

ഞാനും എന്റെ മനസും ശരീരവും ദൈവവും പ്രകൃതിയും മാത്രം തിരിച്ചറിയുന്ന പരമസത്യമായി എന്റെ നോമ്പുകള്‍ എഴുതപ്പെടുന്നു. ഇനി കാത്തിരിപ്പുകളാണ്. ശബരിമല കയറാനുള്ള അവസരത്തിന്, വേളാങ്കണ്ണിയില്‍ പോകാനുള്ള നാളിന്, അജ്മീരിലേക്കുള്ള യാത്രക്ക്, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്ന നാളുകള്‍ക്ക്, ഇനിയും കുറെ നോമ്പുകാലങ്ങള്‍ക്ക്..

ഓരോ നോമ്പുകാലങ്ങളും വെറുതെയാകാതിരിക്കട്ടെ. തീക്ഷ്ണമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വിശാല മനസ് നമുക്ക് നല്‍കട്ടെ. വെറുപ്പ് വിളയാത്ത, സ്‌നേഹം പൂക്കുന്ന ഇടങ്ങളായി മനസും നാടും മാറട്ടെ. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറക്കാതിരിക്കാനുള്ള മാനവികത നമുക്ക് വന്നുചേരട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Self-reflections of Lent
Next Story