ലഹരി വിൽപന: രണ്ട് യുവാക്കൾ പിടിയിൽ
text_fieldsമണ്ണാര്‍ക്കാട്: കാറില്‍ വില്പനക്കെത്തിച്ച 3.33 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍. മണ്ണാര്‍ക്കാട് പെരിമ്പടാരി നായാടിക്കുന്ന് കല്ലേക്കാടന്‍ വീട്ടില്‍ അബ്ദുൽ സലീം (35), പനച്ചിക്കല്‍ വീട്ടില്‍ അജ്മല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മുക്കണ്ണംപാലത്തിന് സമീപം മണ്ണാര്‍ക്കാട് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
ഇരുവരും മണ്ണാര്‍ക്കാട് പ്രദേശത്തെ മുഖ്യലഹരി വില്പനക്കാരാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം 44 ഗ്രാം എം.ഡി.എം.എയുമായി ഇരുവരെയും ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ടൗണില്‍ മുഗള്‍ ടീം എന്ന ഹോം ഡെക്കറേഷന് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പന. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും വില്പന തുടരുകയായിരുന്നു. ബംഗളൂരുവില്‍നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.
കുറച്ചു ദിവസങ്ങളായി ഇരുവരും ജില്ല ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വില്പ്പനശൃംഖലയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി ടി.എസ്. ഷിനോജ്, പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുൽ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ് ഇൻസ്പെക്ടര്‍ ഇ.എ. സുരേഷ് അടങ്ങുന്ന സംഘവും ജില്ല പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഹര്‍ഷാദ് ഉള്‍പ്പടെ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.