പെരുമ്പാവൂര്‍ മേഖലയിൽ മയക്കുമരുന്ന് വിൽപന വ്യാപിച്ചതായി ജനകീയ കമ്മിറ്റി
text_fieldsപെരുമ്പാവൂര്‍: മേഖലയില്‍ മയക്കുമരുന്ന് വില്പന ആശങ്കക്കിടയാക്കുന്ന തരത്തില്‍ വ്യാപിച്ചതായി രാഷ്ട്രീയ പാർട്ടി പ്രധിനിധികള്‍. എക്സൈസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്ന ജനകീയ കമ്മിറ്റിയിലാണ് അഭിപ്രായമുയര്‍ന്നത്. എക്സൈസ് വേണ്ടത്ര പരിശോധന നടത്തുന്നുണ്ടൊ എന്നത് സംശയമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുല്‍ കരീം പറഞ്ഞു. ജ്യോതി ജങ്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, പി.പി റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന സജീവമാണ്.
പലപ്പോഴും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുന്നില്ല. ചെറുകിട കച്ചവടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. നടക്കുന്ന കച്ചവടത്തിന് അനുസൃതമായ അളവില്‍ മയക്കുമരുന്ന് ഇവിടെ പിടിക്കപ്പെടുന്നില്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. രമേശ് ചന്ദ് കുറ്റപ്പെടുത്തി. വന്‍കിട വ്യവസായികള്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ചെറുകിട കച്ചവടക്കാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരിലൂടെ ഉറവിടം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്കൂള്‍ വിദ്യാര്‍ഥികളും മയക്കുമരുന്നിന് അടിമകളാണെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. രാമകൃഷ്ണന് പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ മയക്കുമരുന്ന് ഇഞ്ചക്ഷന് ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ഇതിന് അടിമയായ ഒരു വിദ്യാര്‍ഥിയെ അധ്യാപകരുടെ ഇടപടലിൽ ആവശ്യമായ കൗൺസലിങ് നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു. കോടനാട്, കുറുപ്പംപടി മേഖലയില്‍ വൈകുന്നേരങ്ങളില്‍ പൊലീസ് പരിശോധന നടത്തിയാല്‍ മയക്കുമരുന്നിന്റെ വില്‍പ്പന നിയന്ത്രിക്കാനാകുമെന്ന് മുടക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി ബാബു അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ രൂപവത്കരിച്ച ജനകീയ കമ്മിറ്റി നാളുകള്‍ക്ക് ശേഷമാണ് ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.