കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്‍പന; കേസെടുത്ത് പൊലീസ്
text_fieldsകോഴിക്കോട്: നഗരത്തിലെ ജ്യൂസ് കടയിൽ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കിക്കൊടുക്കുന്നതായി കണ്ടെത്തി.
ബീച്ച് ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നർകോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ജ്യൂസ് സ്റ്റാളില്‍നിന്ന് ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടിയത്.
സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. പരിശോധനഫലം ലഭിക്കുന്നമുറക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് അസി. എക്‌സൈസ് കമീഷണര്‍ എന്‍. സുഗുണന്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്നുമാണ് കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിൽ കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതിനാൽ നഗരത്തിലെ മറ്റുകടകളിലും പരിശോധന നടത്തും.
ലഹരിവസ്തു പിടികൂടിയ സ്ഥാപനത്തിൽ വിദ്യാർഥികള്‍ കൂടുതലായി എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചുവരുകയാണ്. ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ച് വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ നിർദേശാനുസരണം കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് നർകോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.