അമ്മ വിളിക്കാതായതോടെ സെൽവരാജ് കൊച്ചിയിലെത്തി; ഒടുവിൽ അറിഞ്ഞത് ക്രൂരകൃത്യത്തിന്‍റെ വാർത്ത
text_fieldsകൊച്ചി: തിരുവല്ല ഇലന്തൂരിൽ നരബലിക്കിരയായവരിൽ ഒരാൾ തന്‍റെ അമ്മയാണെന്ന യാഥാർഥ്യത്തിന്‍റെ തീരാവേദനയിലാണ് കൊല്ലപ്പെട്ട പത്മത്തിന്‍റെ മകൻ സെൽവരാജ്. അമ്മയെ കാണാതായി പരാതി നൽകി കാത്തിരിക്കുമ്പോഴാണ് ക്രൂരകൃത്യത്തിന്‍റെ വാർത്തകൾ വരുന്നത്. തമിഴ്നാട് സ്വദേശിയായ പത്മം ഏറെയായി എറണാകുളം പൊന്നുരുന്നി പഞ്ചവടി കോളനിയിലായിരുന്നു താമസം. ലോട്ടറിക്കച്ചവടമായിരുന്നു തൊഴിൽ.
സ്ഥിരമായി ഫോൺ വിളിക്കാറുണ്ടായിരുന്ന അമ്മ കഴിഞ്ഞ 26 മുതൽ വിളിക്കാതായി. ബന്ധപ്പെടാൻ മറ്റ് മാർഗങ്ങൾ ഇല്ലാതായതോടെ സെൽവരാജ് പിറ്റേന്ന് തന്നെ കൊച്ചിയിലെത്തി. അമ്മയെ അന്വേഷിച്ച് കണ്ടെത്താതായതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.
പൊലീസിന്‍റെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. തിരുവല്ല ഇലന്തൂർ കുഴിക്കാലയിൽ ഭഗവന്ത് സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുറ്റം സമ്മതിച്ചുകഴിഞ്ഞു.
പത്മത്തെയും റോസ്ലിൻ എന്ന സ്ത്രീയേയുമാണ് ഇവർ നരബലി നൽകിയത്. ഐശ്വര്യവും സമൃദ്ധിയും വരുമെന്ന ധാരണയുടെ ഭാഗമായായിരുന്നു ക്രൂരകൃത്യം. പത്മത്തെ തേടിയുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. തുടർന്നാണ് റോസ്ലിനെയും ഇത്തരത്തിൽ കൊലചെയ്ത കാര്യം വെളിപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.