അതിവേഗ റെയിൽ പദ്ധതി സർക്കാറിന്റെ നയപരമായ കാര്യം; ഇടപെടാനാകില്ലെന്ന് കോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന അർധ അതിവേഗ റെയിൽ പദ്ധതി (സെമി സിൽവർലൈൻ) ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തീർപ്പാക്കി. സർക്കാറിെൻറ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോട്ടയം മുളക്കുളം റെസിഡൻറ്സ് വെൽഫെയർ അസോസിയേഷനടക്കം നൽകിയ നാല് ഹരജികൾ ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളിയത്. ഹരജിക്കാരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്ന 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണമെന്നും കോടതി നിർദേശിച്ചു.
വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതി ലാഭകരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഭൂമി ഏറ്റെടുത്തശേഷം പദ്ധതി സർക്കാർ ഉപേക്ഷിച്ചാൽ ഭൂമി വിട്ടുകൊടുത്തവർക്ക് കനത്ത നഷ്ടമുണ്ടാകും. പ്രോജക്ട് റിപ്പോർട്ടിൽ റെയിൽവേയും നിതി ആയോഗും പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അലൈൻമെൻറ് മാറ്റാൻ റെയിൽവേ നിർദേശിച്ചതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, പദ്ധതി നയപരമായ തീരുമാനമാണെന്നായിരുന്നു സർക്കാറിെൻറ വാദം. നിക്ഷേപത്തിന് മുമ്പുള്ള നടപടികൾക്ക് റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകി. നിതി ആയോഗ് ആവശ്യപ്പെട്ട വിശദീകരണങ്ങളും നൽകി. മാർച്ചിൽ കേന്ദ്ര സർക്കാർ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നയതീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഹരജികൾ തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.