സെനറ്റ് നാമനിർദേശം: രേഖകൾ ഇന്നത്തെ സിൻഡിക്കേറ്റിൽ സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: രേഖകൾ മുഴുവൻ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം കത്ത് നൽകിയതോടെ കേരള സർവകലാശാലയിൽ സംഘ്പരിവാർ നോമിനികളെ കുത്തിനിറച്ച് ഗവർണർ നടത്തിയ സെനറ്റ് നാമനിർദേശം വിവാദം പുതിയ തലത്തിലേക്ക്.
വ്യാഴാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ. ഷിജു ഖാനാണ് കത്ത് നൽകിയത്. സെനറ്റ് നാമനിർദേശവുമായി ബന്ധപ്പെട്ട് രാജ്ഭവനുമായി സർവകലാശാല നടത്തിയ മുഴുവൻ കത്തിടപാടുകളുടെയും രേഖകളാണ് ആവശ്യപ്പെട്ടത്.
സിൻഡിക്കേറ്റംഗം ആവശ്യപ്പെട്ട സാഹചര്യത്തിൽ യോഗത്തിൽ ഇത് സമർപ്പിക്കേണ്ടിവരും. സെനറ്റിലേക്ക് നാല് വിദ്യാർഥി പ്രതിനിധികളെ നാമനിർദേശം ചെയ്തതിന്റെ നടപടിക്രമത്തിൽ സംശയം ഉയർന്നിരുന്നു.
സർവകലാശാല തലത്തിൽ തയാറാക്കിയ പട്ടിക വി.സിക്ക് സമർപ്പിച്ചിരുന്നെങ്കിലും ഇത് രാജ്ഭവനിലെത്തിയിട്ടില്ല. വിദ്യാർഥി പ്രതിനിധികളുടെ പട്ടിക ലഭിക്കാതിരുന്നതിനാൽ ഈ മണ്ഡലത്തിൽനിന്ന് നാല് എ.ബി.വി.പിക്കാരെ നാമനിർദേശം ചെയ്യാൻ ഗവർണർക്ക് സൗകര്യമായി.
ഇത് വി.സിയുടെ ഓഫിസും രാജ്ഭവനും തമ്മിൽ നടന്ന ഒത്തുകളിയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് രേഖകൾ തേടി സിൻഡിക്കേറ്റംഗം കത്ത് നൽകിയത്.
പഠന, കലാകായിക മേഖലകളിലെ മികവുള്ള വിദ്യാർഥികളിൽനിന്ന് അനുമതി കൂടി തേടിയശേഷമാണ് സെനറ്റ് നോമിനേഷനുള്ള പട്ടിക സർവകലാശാല തയാറാക്കുന്നത്. ഇങ്ങനെ തയാറാക്കിയ എട്ടു പേരുടെ പട്ടിക സംബന്ധിച്ച് വി.സി ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തത തേടുകയും മുൻകാലങ്ങളിൽ ചെയ്തിരുന്ന നടപടികളുടെ ഫയൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വ്യക്തതയും വരുത്തി. എന്നിട്ടും വിദ്യാർഥി പ്രതിനിധികളുടെ പട്ടിക വി.സിയുടെ ഓഫിസിൽനിന്ന് രാജ്ഭവനിലേക്ക് അയച്ചില്ലെന്നതിലാണ് ദുരൂഹത.
വ്യാഴാഴ്ചയിലെ സിൻഡിക്കേറ്റ് യോഗത്തിൽ രേഖകൾ സമർപ്പിക്കുന്നതോടെ വിവാദത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. വിദ്യാർഥി പ്രതിനിധികളുടെ പട്ടിക രാജ്ഭവന് കൈമാറിയിട്ടില്ലെങ്കിൽ വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിവരും.
നേരത്തേ സർക്കാർ അഭിപ്രായം തേടാതെയാണ് ആരോഗ്യ സർവകലാശാല വി.സിയായ ഡോ. മോഹനന് ഗവർണർ കേരള വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്.
സർക്കാർ നോമിനിയെ വെട്ടിയാണ് ഡോ. മോഹനനെ ആരോഗ്യ സർവകലാശാല വി.സിയായി 2019 ഒക്ടോബറിൽ ഗവർണർ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.