മുതിർന്ന പൗരന്മാർക്കുള്ള ഇളവ്:'വെട്ടിക്കുറച്ചും പരിധിവെച്ചും' പുനഃസ്ഥാപിക്കാൻ ആലോചന
text_fieldsതിരുവനന്തപുരം: ആനുകൂല്യങ്ങൾക്ക് പരിധിവെച്ചും കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേയിൽ ആലോചന. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് പുനരാലോചന. എല്ലാ കോച്ചുകളിലും ആനുകൂല്യം അനുവദിക്കാതെ ജനറലിലും സ്ലീപ്പറിലും മാത്രം ഇളവ് നൽകാനാണ് നീക്കം. ഒപ്പം മുതിർന്ന പൗരന്മാർക്കെന്ന പരിഗണനക്ക് നിലവിലേതിൽനിന്ന് വ്യത്യസ്തമായി പ്രായപരിധി ഏർപ്പെടുത്താനും ആലോചനയുണ്ട്. കോവിഡിന് മുമ്പ് 58ന് മുകളിലുള്ള സ്ത്രീകൾക്കും 60ന് മുകളിലുള്ള പുരുഷന്മാർക്കുമായിരുന്നു ആനുകൂല്യം. ഇത് 70 വയസ്സിലേക്കുയരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സ്ത്രീകൾക്ക് ടിക്കറ്റ് നിരക്കിന്‍റെ 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമാണ് നേരത്തെ ഇളവ് ലഭിച്ചിരുന്നത്. ഇതിനിടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണമായി പരിമിതപ്പെടുത്തി പകരം എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ വീണ്ടും പരിമിതപ്പെടും.
കൺസെഷൻ നൽകുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ ഡിവിഷനുകളോട് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ ആശയവിനിമയം ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ റിസർവേഷന് ശ്രമിക്കുമ്പോൾ ലോവർ ബർത്തിൽ മുൻഗണന കിട്ടുമെന്നത് മാത്രമാണ് മുതിർന്ന പൗരന്മാർക്കുള്ള പരിഗണന. റെയിൽവേ നൽകുന്ന ഇളവുകളിൽ 75 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ളതാണ്.
2020 മാർച്ചിൽ കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകളെല്ലാം നിർത്തിയതോടെയാണ് കൺസഷനുകൾ അവസാനിച്ചത്. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ് റെയിൽവേയിൽ യാത്ര ചെയ്തത്.
ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും 8,310 മുതിർന്ന ട്രാൻസ്ജെൻഡേഴ്സുമാണ്. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽനിന്നുള്ള മൊത്തം ടിക്കറ്റ് വരുമാനം 3,464 കോടി രൂപയാണ്. ഇതിൽ യാത്ര ഇളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1,500 കോടി രൂപയാണെന്നാണ് റെയിൽവേയുടെ തന്നെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.