മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു
text_fieldsപാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ(90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ആറ് സംസ്ഥാനങ്ങളിലെ ഗവർണറായ ഏക മലയാളിയാണ്. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. വിദ്യാർഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.
പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.
1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. അരുണാചൽ പ്രദേശ്, അസം, ഗോവ, നാഗാലാൻഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
കെ. ശങ്കരനാരയണന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്.16 വർഷം യു.ഡി.എഫിനെ നയിച്ച നേതാവാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ. ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടു.
കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്ന ശങ്കരനാരായണൻ മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. പരന്ന വായനയും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങളും ശങ്കരനാരായണന് എന്നും കരുത്തായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണത്.
അസുഖബാധിതനായിരുന്ന കാലത്ത് അദ്ദേഹത്തെ രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. നിഷ്കളങ്കമായ മനസിനുടമയായിരുന്നു അദ്ദേഹം. അവശതകളിലും നർമരസത്തോടെ തമാശപ്പറഞ്ഞ് അദ്ദേഹം ഞങ്ങളെ ചിരിപ്പിച്ചത് വേദനയോടെ ഈ അവസരത്തില്‍ ഓർക്കുന്നു.
യുവജനപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഒരുമിച്ച് സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭരണനിര്‍വഹണ രംഗത്ത് അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു. അതിന് ലഭിച്ച അംഗീകാരം ആയിരുന്നു അദ്ദേഹത്തിന് ലഭിച്ച ഗവർണര്‍ പദവി. മന്ത്രി എന്നനിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ശങ്കരനാരായണന്‍ കാഴ്ചവെച്ചത്.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ തന്‍റേടത്തോടെ ആരുടെ മുന്നിലും തുറന്ന്പറയുന്ന വ്യക്തിത്വത്തിന് ഉടമ. സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവ്.
വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയ ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. കാപട്യത്തിന്‍റെയും കളങ്കത്തിന്‍റെയും ചെറിയ കണികപോലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. കെ. ശങ്കരനാരായണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
പരിപാടികള്‍ റദ്ദാക്കി
കെ. ശങ്കരനാരായണന്‍റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി ഏപ്രില്‍ 25ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ധനകാര്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ മികച്ച സംഭാവനയണ് അദ്ദേഹം നല്‍കിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.