സീനിയർ ഫുട്ബാൾ: മഴപ്പോരിൽ ഇടുക്കിക്കെതിരെ കണ്ണൂർപടയുടെ ഇടിവെട്ട് വിജയം
text_fieldsമലപ്പുറം: കോട്ടപ്പടി മൈതാനിയിൽ പെയ്തിറങ്ങിയ മഴക്കൊപ്പം പോരിനിറങ്ങിയ മലനാടിന്റെ കരുത്തരായ ഇടുക്കിക്കെതിരെ മലബാറിന്റെ വീര്യവുമായെത്തിയ കണ്ണൂർപടക്ക് ഇടിവെട്ട് വിജയം. വ്യാഴാഴ്ച വൈകീട്ട് നടന്ന സെമിഫൈനലിൽ ഇടുക്കിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപിച്ചാണ് കണ്ണൂർ ഫൈനലിലേക്ക് ചേക്കേറിയത്. തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ കണ്ണൂരിന് ഒരവസരത്തിൽപോലും വെല്ലുവിളി ഉയർത്താൻ ഇടുക്കിക്കായില്ല. 17ാം മിനിറ്റിൽ ആദ്യ ഗോൾ നേടി കണ്ണൂർ ഗോൾവേട്ട തുടങ്ങി.
മധ്യനിരയിൽനിന്ന് കിട്ടിയ പാസ് കാലിലാക്കി ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് എതിർവലയിലേക്ക് തട്ടിക്കയറ്റി മുന്നേറ്റതാരം മുഹമ്മദ് സഫാദാണ് ആദ്യഗോൾ നേടിയത്. വേഗമേറിയ മുന്നേറ്റങ്ങളുമായി കണ്ണൂർ ഇടുക്കിയുടെ പ്രതിരോധത്തെ നിരന്തരം വേട്ടയാടി. 44ാം മിനിറ്റിൽ മധ്യനിര താരം കൃഷ്ണരാജ് ഇടുക്കിയുടെ ഡിഫൻഡർമാരുടെ അബദ്ധത്തിൽ നിന്ന് ലഭിച്ച അവസരം ഗോൾകീപ്പറുടെ കാലിനിടയിലൂടെ പന്ത് വലയിലെത്തിച്ച് കണ്ണൂരിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് മിനിറ്റിനുള്ളിൽ കൃഷ്ണരാജ് വീണ്ടും ഇടുക്കിയിലേക്ക് നിറയൊഴിച്ച് ഗോൾ അന്തരം മൂന്നാക്കി മാറ്റി. ആദ്യ പകുതിയുടെ അധികസമയത്ത് ബോക്സിന്റെ വലതു മൂലയിൽനിന്ന് കൃഷ്ണരാജ് തൊടുത്തുവിട്ട ഷോട്ടാണ് കണ്ണൂരിന്റെ മൂന്നാം ഗോൾ സമ്മാനിച്ചത്. ഇടുക്കിയുടെ പ്രതിരോധ താരം അബിൻ ബിജുവിന്റെ പിഴവിൽനിന്ന് തിരിഞ്ഞെത്തിയ പന്താണ് കൃഷ്ണരാജ് ഗോളിയെ കാഴ്ചക്കാരനാക്കി വലയിലാക്കിയത്.
കണ്ണൂർ കോട്ട ഭദ്രം; തിരിച്ചടിയില്ല
രണ്ടാം പകുതിയിൽ ഇടുക്കി ഉണർന്ന് കളിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ സേനയെ മറികടക്കാൻ ഏറെ പണിപ്പെട്ടു. മൂന്ന് ഗോളുകൾ ലീഡ് നേടിയതോടെ കണ്ണൂർ അറ്റാക്കിങ് കുറച്ചെങ്കിലും ഒറ്റപ്പെട്ട സമയങ്ങളിൽ ഇടുക്കിയുടെ അതിർത്തിയിൽ ഭീഷണി ഉയർത്താനായി. 84ാം മിനിറ്റിൽ ഇടുക്കിയുടെ മുന്നേറ്റ താരം രോഹിത്ത് ഉത്തമൻ ഒരു ഗോൾ മടക്കാനുള്ള ശ്രമം നടത്തിയെങ്കിലും കണ്ണൂരിന്റെ ഗോളി സമ്മതിച്ചില്ല. 85ാം മിനിറ്റിൽ കണ്ണൂരിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നാണ് നാലാമത്തെ ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് വന്നെത്തിയ കോർണർ ഷോട്ട് മുഹമ്മദ് സഫാദ് കാലിലൊതുക്കി ഉഗ്രൻ ഷോട്ടാക്കി വലയിലേക്ക് തൊടുത്തുവിട്ടാണ് നാലാം ഗോൾ നേടിയത്. പോസ്റ്റിന് മുകൾ ഭാഗത്തേക്ക് കുതിച്ചെത്തിയ പന്ത് തടുത്തിടാൻ ഇടുക്കിയുടെ അതിർത്തിയിൽ ആരുമില്ലായിരുന്നു. അവസാന മിനിറ്റുകളിൽ ഒരു ഗോളെങ്കിലും മടക്കി മാനം കാക്കാൻ ഇടുക്കി ഓടിക്കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ തൃശൂർ -മലപ്പുറം പോരാട്ടത്തിലെ വിജയികളോട് കൊമ്പുകോർക്കാൻ ഒരുങ്ങിയിരിക്കുകയാണ് കണ്ണൂർ.
ഇന്ന് അയൽ വാശി; മലപ്പുറം x തൃശൂർ
മലപ്പുറം: രണ്ടാം സെമിയിൽ വെള്ളിയാഴ്ച ആതിഥേയരായ മലപ്പുറവും അയൽക്കാരായ തൃശൂരും ഏറ്റുമുട്ടും. ക്വാർട്ടറിൽ കോട്ടയത്തെ 2-1ന് തോൽപിച്ചാണ് മലപ്പുറത്തിന്റെ വരവ്. പാലക്കാടിനെ 3-2ന് തകർത്താണ് തൃശൂരിന്റെ സെമി പ്രവേശനം. കഴിഞ്ഞ മത്സരത്തിൽ ആതിഥേയർ പ്രതിരോധം, മധ്യനിര, മുന്നേറ്റ നിര എന്നിവയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കരുത്ത് കാണിച്ചാണ് സെമിയിൽ ബൂട്ടുകെട്ടുന്നത്. തൃശൂരാണെങ്കിൽ ക്വാർട്ടറിൽ ആദ്യം ഗോൾ വഴങ്ങി പിന്നീട് തിരിച്ചടിച്ചാണ് സെമി ഉറപ്പിച്ചത്. മലപ്പുറത്തിൻ മുന്നേറ്റ താരങ്ങളായ ജുനൈൻ കടവലത്ത്, അക്മൽ ഷാൻ, മധ്യനിര താരം ജിഷ്ണു ബാലകൃഷ്ണൻ എന്നിവർ മികച്ച ഫോമിലാണ്. തൃശൂരിന്റെ പൊലീസ് താരം ബിജേഷ് ടി. ബാലനിലാണ് ടീമിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.