മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂർ നിര്യാതനായി
text_fieldsകോഴിക്കോട്: 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (67) നിര്യാതനായി. നിലവിൽ 'തത്സമയം' പത്രം എഡിറ്ററാണ്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപം കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ഇഖ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മയ്യിത്ത് കാരന്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ആദ്യകാലത്ത് ഫ്രീലാൻസ് പത്രപ്രവർത്തകനായിരുന്ന അസൈൻ ആനുകാലികങ്ങളിൽ കായികലേഖനങ്ങൾ എഴുതി. കൃഷി വകുപ്പിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം ലീവെടുത്താണ് 'മാധ്യമ'ത്തിൽ ചേർന്നത്. പിന്നീട് സർക്കാർ ജോലി രാജിവെച്ച് മുഴുസമയ പത്രപ്രവർത്തകനായി.
1987ൽ മാധ്യമത്തിന്റെ തുടക്കം മുതൽ വിവിധ യൂനിറ്റുകളിൽ പ്രവർത്തിച്ചു. 2018 മേയ് 31നാണ് വിരമിച്ചത്. കോഴിക്കോട്ടും കൊച്ചിയിലും ന്യൂസ് എഡിറ്ററായിരുന്നു. ലീഡർ പേജ് എഡിറ്റർ, റീഡർ റിലേഷൻസ് എഡിറ്റർ എന്നീ ചുമതലകളും വഹിച്ചു. മാധ്യമത്തിൽ എഡിറ്റോറിയൽ വിഭാഗം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. നിരവധി യുവ പത്രപ്രവർത്തകർക്ക് വഴികാട്ടിയായി.
പരേതരായ പാറപ്പുറത്ത് അവറാൻ കോയ ഹാജിയുടെയും ആയിഷബിയുടെയും മകനാണ്. ഭാര്യ: കല്ലങ്കോടൻ ശരീഫ (കൽപറ്റ). മക്കൾ: മുഹമ്മദ് തൗസിഫ് (ഇസ്ലാമിക് യൂത്ത് സെൻറർ, കോഴിക്കോട്), ആയിഷ സന, ലിംത ഫാത്തിമ (ഇരുവരും ബി.ടെക് വിദ്യാർഥികൾ). മരുമകൻ: മോനിഷ് അലി കൊണ്ടോട്ടി (എൻജിനീയർ, ചെന്നൈ).
സഹോദരങ്ങൾ: സി.പി. മുഹമ്മദ് കോയ (ദുബൈ), പ്രഫ. പി. കോയ, ഡോ. അബ്ദുൽ അസീസ് (കോയമ്പത്തൂർ), ഹബീബ് (ദുബൈ), പരേതനായ ആലിക്കോയ. നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ വസതിയിലെത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ജോ. എഡിറ്റർ പി.ഐ. നൗഷാദ്, സി.ഇ.ഒ പി.എം. സ്വാലിഹ് തുടങ്ങിയവർ വസതി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.