കെ.പി.സി.സിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ അടിമുടി അഴിച്ചുപണി നടത്താൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനം. താഴേതട്ടുമുതൽ കെ.പി.സി.സി തലംവരെ പുനഃസംഘടന മൂന്നുമാസത്തിനകം പൂർത്തിയാക്കും. പ്രസിഡൻറിനും മൂന്ന് വർക്കിങ് പ്രസിഡൻറുമാർക്കും പുറമെ മൂന്ന് വൈസ് പ്രസിഡൻറുമാരും 15 ജനറൽ സെക്രട്ടറിമാരും ട്രഷററും ഉൾപ്പെടുന്നതാകും കെ.പി.സി.സി ഭാരവാഹികൾ. പത്തോളം സെക്രട്ടറിമാരെയും നിയമിക്കും. കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ 51 അംഗ നിർവാഹകസമിതി ഉണ്ടാകും. എല്ലാ തലത്തിലും സ്ത്രീകൾക്കും എസ്.സി-എസ്.ടി വിഭാഗത്തിനും പത്ത് ശതമാനം വീതം സ്ഥാനം നീക്കിവെക്കുമെന്നും യോഗ ശേഷം പ്രസിഡൻറ് കെ. സുധാകരൻ അറിയിച്ചു.
കെ.പി.സി.സി മാതൃകയിൽതന്നെയാകും ഡി.സി.സി പുനഃസംഘടന. വയനാട്, കാസർകോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഡി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കും. ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി വരും. വാർഡ്-ബൂത്ത് കമ്മിറ്റികൾക്ക് താഴെ 30-50 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി അയൽക്കൂട്ട സമിതികളും രൂപവത്കരിക്കും. സ്വാധീനങ്ങൾക്ക് വഴങ്ങാതെ കൂടിയാലോചനകളിലൂടെ ഭാരവാഹികളെ നിശ്ചയിക്കും. കര്മശേഷിയാകും ഭാരവാഹിത്വത്തിന് പരിഗണിക്കുക. പാര്‍ട്ടി ഭാരവാഹിത്വത്തിന് ഒരു പദവിയും തടസ്സമല്ല. എന്നാല്‍, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയാറാകുന്നവരെയേ പരിഗണിക്കൂ. പ്രവര്‍ത്തനം ആറുമാസം വരെ നിരീക്ഷിക്കും. പ്രതീക്ഷക്കൊത്ത് ഉയരാത്തവരെ മാറ്റും. അച്ചടക്കലംഘനം അനുവദിക്കില്ല. അതിനായി ജില്ലതലങ്ങളിൽ അച്ചടക്കസമിതി രൂപവത്കരിക്കും. അപ്പീൽ നൽകാൻ സംസ്ഥാനതല സംവിധാനമുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പരസ്യമായി അച്ചടക്കം ലംഘിച്ചവർക്കെതിെര കർശന നടപടിയുണ്ടാകും.
തെരഞ്ഞെടുപ്പ് പരാജയകാരണം പഠിക്കാൻ മൂന്നുപേർവീതം ഉൾപ്പെട്ട അഞ്ച് മേഖലാ സമിതികൾ രൂപവത്കരിക്കും. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. രാഷ്ട്രീയപഠനത്തിനുള്ള സ്കൂൾ രണ്ടുമാസത്തിനകം തുടങ്ങും. കെ.പി.സി.സിയിൽ മാധ്യമസെൽ തുടങ്ങും. സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് പാർട്ടി പ്രവർത്തകർക്ക് മാർഗരേഖ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.