സെൻകുമാർ കേസിൽ സർക്കാറിന് തിരിച്ചടി; കോടതിയലക്ഷ്യത്തിന് നോട്ടീസ്
text_fieldsന്യൂഡൽഹി: ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന തങ്ങളുടെ ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്ന് അറിയാമെന്ന് കോടതി മുന്നറിയിപ്പും നൽകി. വിധിയിൽ വ്യക്തത വേണമെന്ന് പറഞ്ഞ് കേരളം സമർപ്പിച്ച അപേക്ഷ, തങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നത് തടയാനുള്ള വഷളൻ നീക്കമാണെന്ന് അഭിപ്രായപ്പെട്ട പരമോന്നത നീതിപീഠം 25,000 രൂപ ചെലവോടെ തള്ളി. വേനലവധിക്ക് മുമ്പ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുമെന്ന സൂചനകൂടി നൽകിയ കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കുംമുമ്പ് വിധി നടപ്പാക്കാത്തതിന് മറുപടി ആവശ്യപ്പെട്ട് സർക്കാറിന് നോട്ടീസ് അയച്ചു.
വിധി നടപ്പാക്കാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള പരിഹാസമാണെന്ന് സെൻകുമാറിെൻറ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത, സർക്കാർ നിയമന പ്രക്രിയയിലാണെന്ന് ബോധിപ്പിച്ചു. പുനഃപരിശോധന ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്നും അതും പരിഗണിക്കണമെന്നായി ജയദീപ് ഗുപ്ത. സെൻകുമാറിെൻറ ഹരജിക്കൊപ്പം പുനഃപരിശോധന എടുക്കില്ലെന്ന് കോടതി പറഞ്ഞതോടെ വിധിയിൽ വ്യക്തത തേടി സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും താനാണ് അതിൽ ഹാജരാകുന്നതെന്നും പറഞ്ഞ് അഡ്വ. സിദ്ധാർഥ് ലൂത്റ രംഗത്തുവന്നു.
ഇതിന് മറുപടി നൽകിയ ജസ്റ്റിസ് മദൻ ബി. ലോക്കൂർ രണ്ട് കാര്യങ്ങളാണ് തങ്ങൾക്ക് പറയാനുള്ളതെന്ന് ഒാർമിപ്പിച്ചു. സെൻകുമാർ സമർപ്പിച്ച ഹരജിയിൽ, തനിക്കെതിരെ സർക്കാർ ഹാജരാക്കിയത് കൃത്രിമ രേഖകളാണെന്ന് ബോധിപ്പിച്ചിരുന്നു. ആ രേഖകളിലേക്ക് തങ്ങൾ അന്ന് കടന്നില്ല. വിഷയം ഗുരുതരമാകുമെന്ന് കരുതിയാണ് കടക്കാതിരുന്നത്. എന്നാൽ, വിധിയിൽ വ്യക്തതക്കുള്ള അപേക്ഷ സമർപ്പിച്ചതോടെ കൃത്രിമരേഖകളുണ്ടാക്കിയ കാര്യത്തിൽ കഴമ്പുണ്ടെന്ന് നിങ്ങൾ തെളിയിച്ചു. രണ്ട് ദിവസത്തെ വാദം കേൾക്കലിന് ശേഷമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്ന് സർക്കാറിനില്ലാതിരുന്ന വാദങ്ങൾ പിന്നെങ്ങനെ ഇൗ അപേക്ഷയിൽ വന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതിനാൽ അപേക്ഷ ചെലവു സഹിതം തള്ളുകയാണെന്ന് ജസ്റ്റിസ് ലോക്കൂർ വ്യക്തമാക്കി.
റദ്ദാക്കിയ സർക്കാർ ഉത്തരവിൽ മറ്റ് ഉന്നത നിയമനങ്ങളുമുണ്ടെന്നും അക്കാര്യത്തിലെന്തു ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്നും ലൂത്റ പറഞ്ഞപ്പോൾ ‘ഞങ്ങളല്ല നിങ്ങൾക്ക് ഉപദേശം നൽകേണ്ടത്, നിങ്ങളൊക്കെ മതിയല്ലോ’ എന്നായിരുന്നു ലോക്കൂറിെൻറ മറുപടി. എങ്കിൽ അപേക്ഷ പിൻവലിച്ചോെട്ട എന്നായി ലൂത്റ. പക്ഷേ കോടതി ചെലവ് ഒടുക്കിയേ മതിയാകൂവെന്ന് കോടതി കൂട്ടിച്ചേർത്തു. പിഴ തുക ഒരാഴ്ചക്കകം ലീഗൽ സർവീസ് കമ്മിറ്റിയിൽ അടക്കണം. ചീഫ് സെക്രട്ടറി നളിനി നെറ്റോ നേരിൽ ഹാജരാകാൻ ഉത്തരവിടണമെന്ന് അഡ്വ. ദവെ ആവശ്യപ്പെട്ടു. അതിപ്പോൾ ചെയ്യുന്നിെല്ലന്ന് കോടതി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.