ദുരിതാശ്വാസത്തിലെ വേർതിരിവ് രാഷ്ട്രീയ വിവാദമായി; എതിർപ്പുമായി സി.പി.ഐയും
text_fieldsമൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്ക് വ്യത്യസ്ത അളവിൽ സഹായധനം പ്രഖ്യാപിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് 10ലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് അഞ്ചുലക്ഷം രൂപമാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുംവിധം സി.പി.ഐ രംഗത്തെത്തി.
പെട്ടിമുടിയിലേത് ആദ്യഘട്ട സഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഇത്തരം സമീപനം ഇടതുപക്ഷ സർക്കാറിന് ചേർന്നതല്ലെന്നാണ് ഭരണകക്ഷിയായ സി.പി.ഐയുടെ വിമർശനം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഒരുപടികൂടി കടന്ന് സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. പെട്ടിമുടിയിൽ മരിച്ചവർ തീർത്തും പാവങ്ങളാണെന്നും അവരോടുള്ള ദുരിതാശ്വാസത്തിലെ വിവേചനം ഇടതുസർക്കാറിന് ഭൂഷണമല്ലെന്നും ശിവരാമൻ തുറന്നടിച്ചു.
പ്രാഥമിക ധനസഹായം മാത്രമാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ശിവരാമൻ പറയുന്നത് വിവരക്കേടാണ്. സി.പി.ഐ മന്ത്രിമാരും താനും കൂടിയിരുന്നാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്. കാലാവസ്ഥ മോശമായതുകൊണ്ട് ഹെലികോപ്ടർ ഇറങ്ങാൻ കഴിയാത്തതുമൂലമാണ് മുഖ്യമന്ത്രിക്ക് എത്താനാകാത്ത സാഹചര്യമുണ്ടായതെന്ന് മന്ത്രി മണി പറഞ്ഞു.
പെട്ടിമുടിയിലെ ദുരന്തബാധിതരോട് സർക്കാർ നീതികേട് കാണിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ നല്ല വിശ്വാസത്തിലാണെങ്കിൽ സർക്കാർ അത് പരിപൂർണമായി ഉൾക്കൊള്ളും.
കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ പെട്ടിമുടിയിൽ ചില കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. വളരെ പ്രാകൃതരൂപത്തിലാണ് ലയങ്ങൾ. റീബിൽഡ് കേരളയുടെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എന്തു നടപടി വേണമെന്ന ആലോചനയിലാണ്.
ഇപ്പോൾ പ്രഖ്യാപിച്ചത് പ്രാഥമികസഹായമാണ്. ഇവിടുത്തെ ജനതക്ക് അവകാശപ്പെട്ടത് സർക്കാർ നൽകുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
'വിവേചനമരുത്; 10 ലക്ഷം നൽകണം' - രമേശ് ചെന്നിത്തല
പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. കരിപ്പൂരിൽ 10 ലക്ഷവും പെട്ടിമുടിയിൽ അഞ്ചുലക്ഷവും പ്രഖ്യാപിച്ചതിൽ വിവേചനമുണ്ട്. ദുരന്തമേഖലയിൽ മുഖ്യമന്ത്രി വരാത്തതിൽ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാനില്ല. നാട്ടുകാരുടെ വികാരമാണ് പറഞ്ഞത്. ചികിത്സയിലുള്ളവർക്കെല്ലാം സർക്കാർ അടിയന്തരമായി സഹായം എത്തിക്കണം. ലയങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തരസഹായം നൽകണം. 2018ലെ പ്രളയത്തിൽ തകർന്ന പെരിയവെരെ പാലം ഇതുവരെ പുനർ നിർമിക്കാത്തത് സർക്കാർ വീഴ്ചയാണ്.
'മുഖ്യമന്ത്രി സെലക്ടീവാകരുത്' - വി. മുരളീധരൻ
ദുരന്തമുഖങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി സെലക്ടീവാകരുത്. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ വിവേചനം കാണിച്ചു. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. ജീവൻ നഷ്ടപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം പകരുകയെന്നതാണ് മുഖ്യം. രണ്ടിടത്ത് രണ്ട് സമീപനം ശരിയല്ല. ശരിയായ തീരുമാനം എടുക്കണം. കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിവരെ അനുശോചിച്ച പ്രകൃതിദുരന്തമാണിത്. രണ്ട് സ്ഥലത്തും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.