കൈക്കൂലി വാങ്ങുന്നതിന്നിടയിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന്നിടയിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് വിജിലൻസ് പിടിയിലായത്.
മാന്ദാമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ കുറ്റിച്ചിറ വില്ലേജ് ഓഫീസ് പരിധിയിൽ പെട്ട വസ്തു ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിനായി ആധാരത്തിന്റെ പോക്ക് വരവ് ചെയ്യുന്നതിനും നികുതി അടക്കുന്നതിനും ഭാര്യയുടെ പേരിൽ ആർ.ഒ.ആർ സർട്ടിഫ്ക്കറ്റ് ലഭിക്കുന്നതിന് കുറ്റിച്ചിറ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് നൽകുന്നതിനാണ് സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് കൈക്കൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസവും മറ്റൊരു ആർ.ഒ.ആർഡ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പരാതിക്കാരനിൽ നിന്നും വർഗീസ് 500 രൂപ കൈപ്പറ്റിയിരുന്നു. ഇപ്രാവശ്യവും പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇന്ന് ഓഫീസിലെത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിം പോളിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് രാവിലെ 10.30 ഓടെ കുറ്റിച്ചിറ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന താല്ക്കാലിക കെട്ടിടത്തിന് സമീപത്തെ ബാത്ത്റൂമിനടുത്ത് വച്ച് പരാതിക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ വർഗീസിനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.