പുതുവത്സരദിനത്തിൽ സംസ്ഥാനത്ത് അപകട പരമ്പര, അഞ്ചുമരണം
text_fieldsകൊച്ചി/കോട്ടയം/തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. കൊച്ചിയിൽ ആഘോഷത്തിനിടയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
എരുമേലി -പമ്പാ പാതയിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു അപകടം. ആന്ധ്രാ പ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജുവിൻ്റെ മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
തിരുവനന്തപുരം വഴയില ആറാംകല്ലിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര ഇരുമമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കാണ് അപകടത്തിൽ പരിക്കേറ്റ ഷാലു ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. ഷാലുവിന്റെ കൂടെയുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.