മലപ്പുറം എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി റിട്ട. മജിസ്ട്രേറ്റ്: ‘എന്നെ സിമിക്കാരനായി മുദ്ര കുത്തിയത് ഈ ശശിധരൻ’
text_fieldsഹരിപ്പാട്: പി.വി. അൻവറിന്റെ വെളിപ്പെടുത്തലോടെ സംശയമുനയിലായ മലപ്പുറം എസ്.പി എസ്. ശശീധരനെതിരെ ഗുരുതര ആരോപണവുമായി റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് എം. താഹ. നോർത്ത് പറവൂർ മജിസ്ട്രേറ്റ് ആയി സേവനമനുഷ്ടിക്കവേ തന്നെ സിമിക്കാരനാക്കി മുദ്രകുത്തി സസ്പെൻഡ് ചെയ്യാൻ ശ്രമിച്ചെന്നാണ് ഇദ്ദേഹം സമൂഹ മാധ്യമത്തിൽ തുറന്നുപറഞ്ഞത്.
2009ൽ പാനായിക്കുളം എൻ.ഐ.എ കേസിലെ 17-ാം പ്രതി നിസാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചതിന്റെ പേരിലാണ് തന്നെ സിമിക്കാരനായി മുദ്ര ചാർത്താൻ ശ്രമം നടത്തിയതെന്ന് താഹ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ജാമ്യം നൽകിയെന്ന കാരണം ചൂണ്ടിക്കാട്ടി തന്നെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. സിമി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടന്നു. എന്നാൽ, അതിൽ കുറ്റക്കാരനല്ലെന്ന് പിന്നീട് കണ്ടെത്തി. ശശിധരനായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പനായിക്കുളം കേസിലെ മുഴുവൻ പ്രതികളെയും ഹൈകോടതി വെറുതെ വിട്ടത് സുപ്രീം കോടതി ശരിവെച്ചപ്പോഴും താഹ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ശശിധരനാണ് പിണറായി കാലത്ത് മലപ്പുറം എസ്.പി എന്നത് യാദൃച്ഛികമാണോ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
എന്നെ സിമിയാക്കിയത് ഈ ശശിധരൻ
ഞാൻ നോർത്ത് പറവൂർ മജിസ്ട്രേറ്റ് ആയി ജോലി ചെയ്യുന്ന 2009 കാലത്ത് ആണ് പാനയിക്കുളം എൻ.ഐ.എ കേസിലെ 17-ാം പ്രതി നിസാമിനെ എന്റെ മുന്നിൽ ഹാജരാക്കിയത്. നിയമപ്രകാരം പ്രതിക്ക് വല്ല പരാതിയും ഉണ്ടോ എന്ന് ചോദിച്ചു. ഒന്നും കഴിച്ചിട്ടില്ല എന്ന് പ്രതി ഓപൺ കോർട്ടിൽ പറഞ്ഞു. ആരാണ് പ്രതിയെ ഹാജരാക്കിയത് എന്ന് ചോദിച്ചപ്പോൾ ശശീധരൻ മുന്നോട്ടു കയറി നിന്നു. ഇയാൾക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ടു കൊണ്ടു വരൂ എന്ന് പറഞ്ഞു. ശശിധരന് അത് പിടിച്ചില്ല. അതയാളുടെ മുഖഭാവത്തിൽ പ്രകടം. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രതിയെ വീണ്ടും ഹാജരാക്കി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ആ പയ്യനെ പൊലീസ് കസ്റ്റഡിയിൽ രണ്ടു ദിവസത്തേക്ക് വിട്ടു. രണ്ടു ദിവസം കഴിഞ്ഞു പ്രതിയെ വീണ്ടും ഹാജരാക്കി. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പോലെ അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അപ്പോഴാണ് പ്രതിയുടെ അഭിഭാഷകൻ പ്രതിയുടെ ജാമ്യാപേക്ഷയെക്കുറിച്ചും അയാൾ കഴിഞ്ഞ നാളുകളിൽ നാട്ടകം പോളിടെക്നിക്കിൽ പഠിക്കുകയായിരുന്നു എന്നും അയാളുടെ സെമസ്റ്റർ എക്സാം അടുത്ത ആഴ്ചയാണ് എന്നും പറയുന്നത്. അപ്പോൾ ഞാൻ കേസ് ഡയറി എവിടെ എന്ന് ചോദിച്ചു. അത് പൂർത്തിയാകാത്തത് കൊണ്ട് ഹാജരാക്കാൻ സമയം വേണം എന്ന് ശശിധരൻ പറഞ്ഞു. വൈകീട്ടു അഞ്ചു മണിക്ക് മുൻപ് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കാനായി അടുത്ത ദിവസത്തേക്ക് വെച്ചു. കേസ് ഡയറി ഹാജരാക്കാനുള്ള നിർദേശവും ശശീധരന് പിടിച്ചില്ല. എന്തായാലും അയാൾ ഡയറി പൂർത്തിയാക്കി കോടതിയിൽ ഏൽപിച്ചു. രാത്രി ആ ഡയറി ആദ്യാവസാനം സൂക്ഷ്മമായി വായിച്ചു നോക്കിയ എനിക്ക് ആ പതിനേഴാം പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല.
ജുഡീഷ്യൽ അക്കാദമിയിൽനിന്ന് ജസ്റ്റിസ് ബസന്ത് സാർ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്യൽ ഓഫിസർക്കുണ്ട് എന്ന് ക്ലാസ്സ് എടുത്തിരുന്നു. ആ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ആകുട്ടിയുടെ പഠനവും പരീക്ഷയും തടസപ്പെടുത്തുന്നത് നീതി അല്ല എന്ന് ഉത്തമ ബോധ്യം വന്നതുകൊണ്ട് ഞാൻ ആ പയ്യന് ഉപാധിയോടെ ജാമ്യം നൽകി. ശശീധരൻ അദ്ദേഹത്തിന്റെ അതേ ആശയഗതി പിന്തുടരുന്ന അന്നത്തെ ഹൈകോടതിയിലെ വിജിലൻസ് ഡയറക്ടർ ആയിരുന്ന മാന്യദേഹത്തെ കൂട്ട് പിടിച്ചു എന്നെ സിമിക്കാരൻ ആക്കി സസ്‌പെൻഡ് ചെയ്യിക്കാൻ കൊടുംശ്രമം നടത്തിയെന്ന് ഹൈകോടതി ജഡ്ജി ആയിരുന്ന പയസ് സാർ എന്നോട് പറഞ്ഞിട്ടുണ്ട്. ‘ജുഡീഷ്യൽ ഓർഡർ പ്രകാരം ജാമ്യം നൽകിയതിന് സസ്‌പെൻഡ് ചെയ്യുക എന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും എന്ന്’ അദ്ദേഹത്തെ പോലെയുള്ള ചിലർ പറഞ്ഞതുകൊണ്ടാണ് ശശീധരന്റെ ആഗ്രഹം അന്ന് നടക്കാതെ പോയത്. ഈ ശശിധരനാണ് പിണറായി കാലത്ത് മലപ്പുറം എസ്.പി എന്നത് യാദൃച്ഛികമാണോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.